കാഡൽ ജീൻസൺ പിടിയിൽ; കുറ്റസമ്മതം നടത്തിയെന്ന് സൂചന
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിലെ പ്രതിയെന്ന് കരുതുന്ന, കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ കാഡൽ ജീൻസൺ രാജ (30) പൊലീസ് പിടിയിൽ. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്നാണ് ഇയാൾ പിടിയിലായത്. കാഡലാണെന്ന് സ്ഥിരീകരിച്ച റെയിൽവേ ഇൻറലിജൻസ് വിഭാഗം കേൻറാൺമെൻറ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പ്രത്യേക അന്വേഷണസംഘം റെയിൽവേ സ്റ്റേഷനിലെത്തി ഏറ്റുവാങ്ങി. കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തിച്ച് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജുവിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുകയാണ്.
ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾക്ക് അധികൃതർ തയാറായില്ല. ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി കൂടുതൽ തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. ആർട്ടിഫിഷൽ ഇൻറലിജൻസ് കോഴ്സ് പഠിച്ച കാഡൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ ആദ്യം വൈമനസ്യം കാട്ടിയെങ്കിലും പിന്നീട് സഹകരിക്കുകയായിരുന്നത്രെ. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചശേഷമാണ് ഇയാൾ വീട്ടിൽനിന്ന് കടന്നത്. അതിനാൽ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം. തുടർന്ന് അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും നീണ്ടു. കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണറുടെ നിർദേശപ്രകാരം ഷാഡോ പൊലീസിനെ വിവിധ സംഘങ്ങളായി തിരിച്ച് പ്രതിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു.
കേരള-തമിഴ്നാട് അതിർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാടുവിടാൻ റെയിൽവേ സ്റ്റേഷനിലെത്തിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്ന താൻ തലസ്ഥാനത്തേക്ക് എത്തിയതാണെന്ന് കാഡൽ മൊഴി നൽകിയതായാണ് വിവരം.ഇതിെൻറ ആധികാരികത പൊലീസ് പരിശോധിച്ച് വരുകയാണ്. നേരത്തേ, കാഡലിനായി തയാറാക്കിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും നൽകിയിരുന്നു. എന്നാൽ, എവിടെയും ഇയാളെ കണ്ടെത്തിയതായ വിവരം പൊലീസിന് ലഭിച്ചിരുന്നില്ല. കാഡലിെൻറ പിതാവ് പ്രഫ. രാജതങ്കം, മാതാവ് റിട്ട. ആർ.എം.ഒ ഡോ. ജീൻപദ്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് ഞായറാഴ്ച നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വസതിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
