നന്തന്‍കോട് കൂട്ടക്കൊല; കേഡല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം, 15 ലക്ഷം പിഴ
text_fieldsതിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജക്ക് വധശിക്ഷയില്ല. ജീവപര്യന്തവും 15 ലക്ഷം പിഴയും വിധിച്ച് കോടതി. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. നന്തൻകോട് ബയിൻസ് കോമ്പൗണ്ടിൽ താമസിച്ചിരുന്ന റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മം, മകൾ കാരോൾ, അന്ധയായ ആന്റി ലളിത ജീൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാജതങ്കം- പത്മ ദമ്പതികളുടെ മകനായ കേഡൽ ജെൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത ശേഷം ഏഴ് ദിവസം പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ അത്തരത്തിലുള്ള സൂചനയൊന്നും ലഭിച്ചിട്ടില്ല. കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ച രീതിയും പരിശോധിക്കുമ്പോഴും പ്രതി മാനസിക പ്രശ്നമുള്ള ഒരാളായി തോന്നുന്നില്ലെന്നും ദിലീപ് സത്യൻ പറഞ്ഞു.
2017 ഏപ്രിലിലാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലകളും നന്തൻകോടുള്ള വീടിനുള്ളിൽ വെച്ചായിരുന്നു. അമ്മ ജീൻ പത്മത്തെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്. താൻ നിർമിച്ച വിഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ച് കസേരയിൽ ഇരുത്തിയശേഷം മഴുകൊണ്ട് തലക്ക് പുറകിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛൻ രാജ തങ്കത്തെയും സഹോദരി കാരോളിനെയും അമ്മയെ കൊന്നപോലെ തലക്ക് പിന്നിൽ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു.
വീട്ടിൽ ഉണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേർന്ന് കന്യാകുമാരിക്ക് ടൂർ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡൽ ആന്റി ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകൾക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയിൽ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

