Begin typing your search above and press return to search.
exit_to_app
exit_to_app
Nandu Mahadeva
cancel
Homechevron_rightNewschevron_rightKeralachevron_rightകാൻസറിനുള്ള...

കാൻസറിനുള്ള മരുന്നി​െൻറ പേരായിരുന്നു​ നന്ദു മഹാദേവൻ

text_fields
bookmark_border

പതിനായിരങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വിലപ്പെട്ട നിധിയായിരുന്നു നന്ദുവിന്‍റെ ഓരോ വാക്കുകളും. എന്തോ ഒരു ദൈവിക സ്പർശം ആ വാക്കുകളിലുണ്ടായിരുന്നു. സ്​നേഹത്തി​െൻറയും പ്രതീക്ഷയുടെയും നനവുറ്റ വാക്കുകൾ ​െകാണ്ട്​ അവൻ ജീവിതത്തി​െൻറ തീരത്തേക്ക്​ തിരികെ പിടിച്ചുകൊണ്ടുവന്നവർ നിരവധിയായിരുന്നു​.

അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്കാണ് അവൻ പ്രചോദനമേകിയത്. പലതിനുമുള്ള ഒരു മറുമരുന്നായിരുന്നു​ നന്ദു. തന്നെ കാർന്നുതിന്നുതുടങ്ങിയ അർബുദത്തെ വെല്ലുവിളിച്ച് നാലു വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അവൻ യാത്രയായിരിക്കുന്നു. ജീവിതം ഒന്നേയുള്ളൂ അത് സന്തോഷത്തോടെ ജീവിച്ചു തന്നെ തീര്‍ക്കണം എന്ന് ലോകത്തെ എപ്പോഴും ഓർമ്മിച്ചുകൊണ്ടാണ് അവന്‍റെ മടക്കം....

പാദത്തിലെ പെരുവിരലിന്​ നീളം കൂടിയാൽ അവർ അത്യധികം ഉൽസാഹശാലികൾ ആയിരിക്കും എന്നാണത്രേ യവന വിശ്വാസം. നന്ദു മഹാദേവ​െൻറ വലതുകാലിലെ പെരുവിരലിന്​ നല്ല നീളമാണ്​. യവനദേവൻമാരുടെയത്രയും സുന്ദരമായ കാലുകൾ...

കൂട്ടുകാരോടൊപ്പം ആ സുന്ദര കാൽപാദങ്ങളുമായി ഈ നാടുമുഴുവൻ ഓടിനടന്നൊരു പയ്യൻ, ഇഷ്​ട​പ്പെട്ടവർക്കൊപ്പം എത്ര ദൂരവും നടക്കുന്നത്​ അവന്​ ഏറെ ഇഷ്​ടമായിരുന്നു. കുറേ​യേറെ നടന്നിട്ടും നീളമുള്ള അവ​െൻറ പെരുവിരലുകൾ തളർന്നില്ല. ഒടുവിൽ ​െദെവം തന്നെ ഒരു തീരുമാനം അങ്ങെടുത്തു. സുന്ദരമായ അവ​െൻറ ഇടതുകാൽ അങ്ങ്​ മുറിച്ച്​ വാങ്ങിച്ചു. കാൻസറി​െൻറ രൂപത്തിൽ ത​െൻറ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനെത്തിയ മഹാമാരിയോട്​ കലഹിച്ചും പരിഭവിച്ചും ജീവിതം ഇല്ലാതാക്കാൻ അവന്​ മനസ്സില്ലായിരുന്നു.


കാലില്ലാത്ത സങ്കടം ഒരു പഴന്തുണി നനച്ചാറ്റി തുടച്ചെടുത്ത്​ ദൂരെക്കളഞ്ഞ്​ അർബുദത്തോട്​ പോടാ പുല്ലേ എന്ന്​ ഉറക്കെ പറഞ്ഞ്​ അവനിങ്ങ്​ എഴുന്നേറ്റ്​വന്നു. ത​െൻറ കാലിനെ കട്ടുകൊണ്ടുപോയ കാൻസറിനെ വെല്ലുവിളിച്ച്​ ഒരു ഒന്നൊന്നര ഫെയ്​സ്​ബുക്​ പോസ്​റ്റ്​ അങ്ങിട്ടു. കേരളക്കരത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്ത ഈ വാക്കുകൾ ഇന്ന് അണയാത്ത ഒരു ദീപമാണ്. പതിനായിരങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വിലപ്പെട്ട നിധിയാണ് ഈ വാക്കുകൾ. ലോകത്തിൽ തന്നെ അനേകായിരം സംഭവത്തിൽ ഒന്നു മാത്രമായിരിക്കാം. പക്ഷേ ഏതോ ഒരു ദൈവിക സ്പർശം ഈ വാക്കുകൾ വായിച്ചവരെ തലോടിയിട്ടുണ്ട്. സ്​നേഹത്തി​െൻറയും പ്രതീക്ഷയുടെയും നനവുറ്റ വാക്കുകൾ ​െകാണ്ട്​ ഇവൻ ജീവിതത്തി​െൻറ തീരത്തേക്ക്​ തിരികെ പിടിച്ചുകൊണ്ടുവന്നവർ നിരവധിയാണ്​.

പലതിനുമുള്ള ഒരു മറുമരുന്നാണ്​ ഇന്ന്​ നന്ദുമഹാദേവൻ. നന്ദുവിന്​ ഇന്നസെൻറിനെ അറിയാം. അയാളുടെ തമാശകളും ഇഷ്​ടമാണ്​. പക്ഷേ, ഇന്നച്ച​െൻറ 'കാൻസർ വാർഡിലെ ചിരി' യെക്കുറിച്ചറിയില്ല. ലോകമറിയുന്ന സാമൂഹ്യപ്രവർത്തകൻ കാൻസർ ബാധിച്ച്​ മരിച്ച അലി ബനാത്തിനെയും അവനറിയില്ല. പക്ഷേ, ഇവരെയൊക്കെ കൂട്ടിയിണക്കുന്ന കണ്ണികൾ എവിടെയൊക്കെയോ അദൃശ്യമായി പ്രവർത്തിക്കുന്നു. അവിടെയാണ്​ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിന്​ അർബുദ രോഗികളിൽനിന്ന്​ നന്ദുവിനെ വേറിട്ട്​ നിർത്തുന്നതും. അവ​െൻറ ജീവിതത്തെയും സ്വപ്​നങ്ങയെും കുറിച്ച്​. തിരുവനന്തപുരം ആറ്റിങ്ങൾ ചാത്തൻപാറ സ്വദേശി നന്ദു മഹാദേവയെന്ന 24കാരൻ സ്വന്തം വേദനകളോട് സമരസപ്പെട്ട് പലർക്കും ആസ്വാശനദിയായി ഒഴുകുകയാണ്. ഈ യുവാവ് പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരാൻ വേണ്ടി തലമുണ്ഡനം ചെയ്തും പ്രാർഥനയിലുമായി കാത്തിരിക്കുന്നത് നിരവധി പേരാണ്.

കാൻസർ പ്രണയിച്ച് തുടങ്ങുന്നു

2017ലെ സായാഹ്നത്തിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടത്തേ കാൽമുട്ടി​െൻറ മടക്കിൽ ശക്തമായ വേദന. കളി ഭ്രാന്തിനിടെ ഇടക്ക് അതേ സ്ഥാനത്ത് ഉണ്ടാവാറുള്ള വേദനയെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രസം കൊല്ലിയായ വേദനയെ ശപിച്ച് വീട്ടിലേക്ക് വേച്ച് വേച്ച് നടന്ന നന്ദുവിന് അമ്മ രേഖ പതിവായി ചെയ്യാറുള്ളത് പോലെ കാലിൽ തൈലം പുരട്ടിക്കൊടുത്തു. പതിവ് വേദനക്ക് പുറമെ ഞരമ്പോ മറ്റോ ഉളുക്കിയതാണെന്നും രാവിലെ ആവുമ്പോഴേക്കും മാറുമെന്നുമുള്ള അമ്മയുടെ നിത്യ വാക്കുകൾ അന്ന് ഫലിച്ചില്ല.


രാവിലെ എഴുന്നേറ്റപ്പോൾ എല്ല് തുളച്ച് കയറുന്നത് പോലെയുള്ള വേദന. ഉടൻ തൊട്ടടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം പരിശോധിച്ച ശേഷം ഇത് സാധാരണ നീർക്കെട്ടാണെന്നും അത് മാറുമെന്നും മറുപടി. സർ നല്ല വേദനയുണ്ട്, ഒന്ന് എക്സറേ എടുത്ത് കൂടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെ പോയി കുറിച്ചു തന്ന മരുന്ന് പുരട്ടോടെ എന്നു അമ്മയെയും നന്ദുവിനയെും വഴക്ക് പറഞ്ഞ് മടക്കി അയച്ചു. ഡോക്ടർ പറഞ്ഞത് പോലെ ആ മരുന്ന് അൽപ്പം ആശ്വാസം തന്നു.

പക്ഷെ, മാസങ്ങൾക്ക് ശേഷം അന്ന് ക്രിക്കറ്റ് കളിക്കിടെ വന്ന വേദന പൂർവാധികം ശക്തിയിൽ എല്ലിനെ വിരിഞ്ഞ് മുറുക്കുന്നു. കാലി​െൻറ മടക്കിനുള്ളിൽ തടിപ്പും വന്നു തുടങ്ങി. തുടർന്ന് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് അവിടെനിന്നും ആർ.സി.സിയിലേക്ക് റഫർ ചെയ്യുന്നത്. ഇതിനിടക്ക് ബാത്ത്​റൂമിൽ തെന്നി വീണ് അസുഖം ബാധിച്ച് കാലിനേറ്റ പൊട്ടലി​െൻറ വേദനയും അസഹനീയമായിരുന്നു.

പ്രാർഥനകൾക്ക് നടുവിൽ

ഫലം ലഭിക്കുന്നത് വരെ പ്രാർഥനകളും ആശ്വാസവാക്കുകൾക്കും നടുവിലായിരുന്നു നന്ദു. കരഞ്ഞുകലങ്ങിയ കണ്ണുമായി അച്ചനും അമ്മയും സഹോദരൻമാരും അനിയത്തിയും മറ്റ് ബന്ധുക്കളും എന്ത് പറയണമെന്നറിയാതെ പരസ്പരം മിണ്ടുന്നില്ല. പക്ഷെ, അത്തരം സങ്കടക്കടലുകളെയും കണ്ണീരിനെയും ആ സമയത്ത് വെറുത്ത ഒരു വ്യക്തി നന്ദു മാത്രമായിരുന്നു. അവ​െൻറ ദൃഢനിശ്ചയത്തിൽ ഡോക്ടർക്കുപോലും അത്ഭുതമായിരുന്നു. വേദനകളും സങ്കടങ്ങളും നിറഞ്ഞ ആർ.സി.സിയുടെ ഒരോ മുക്കിലും മൂലയിലും പ്രായഭേദമന്യെ അസുഖക്കാർ.


കുട്ടികൾ പ്രയാമയവർ ഉൾപ്പെടെ സ്ത്രീ പുരുഷൻ വ്യത്യാസമില്ലാതെ. നന്ദുവിന് അങ്ങനെ കാൻസർ വാർഡിലെ ത​െൻറ കട്ടിലിൽ ചടഞ്ഞിരിക്കാൻ മനസ്സു വന്നില്ല. ഇടക്ക് എല്ലാ വാർഡുകളും സഞ്ചരിച്ച് താൻ കിടന്നിരുന്ന ഹാളിലും പരിസരങ്ങളിലും ഉള്ള മറ്റു രോഗികളുമായി സംസാരിച്ച് ത​െൻറ വേദനകൾ മറന്ന് അവരുടെ ദുഖത്തിൽ പങ്കുചേരാൻ തുടങ്ങി. തന്നെക്കാൾ വലിയ വേദനകളാണ് അവരിൽ പലരും അനുഭവിക്കുന്നതെന്ന സത്യം അവൻ തിരിച്ചറിഞ്ഞിരുന്നു.

ജീവനാണോ കാലാണോ വലുത്

2018 ഏപ്രിലിൽ നന്ദുവിന് മറക്കാൻ കഴിയാത്തതാണ്. ദിവസം തോറും എല്ല്തുളക്കുന്ന വേദനയാൽ പിടയുന്ന നന്ദുവിനോട് ഡോക്ടർ ശ്രീജിത് സ്നേഹത്തോടെ ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. കാൽമുട്ടി​െൻറ എല്ലിനെ ബാധിച്ച കാൻസറി​െൻറ പിടയുന്ന വേദനയിൽനിന്ന് മോക്ഷം നേടാൻ നിനക്ക് മുന്നിൽ രണ്ട് ഒപ്ഷനുണ്ട്. കാൻസർ ബാധിച്ച കാല് അരക്ക് താഴെ മുറിക്കാം, അതല്ല വേദന സഹിച്ച് കാല് അങ്ങനെ തന്നെ പരമാവധി ചികിത്സിച്ച് നിലനിർത്താം. ഇതിൽ ജീവനാണോ കാലാണോ വേണ്ടതെന്ന്​ നിനക്ക് തിരഞ്ഞെടുക്കാം. പൊതുവെ മെലിഞ്ഞ് നീണ്ട ശരീര പ്രകൃതമുള്ള നന്ദുവി​െൻറ കാലുകൾ ദിവസങ്ങൾ കഴിയും തോറും വീർത്ത് തടിച്ചുവന്നുകൊണ്ടിരുന്നു. മാസങ്ങളായി ഈ വേദന സഹിക്കുന്നു. ഡോക്ടറുടെ ചോദ്യത്തിന് നന്ദു നന്നായി ആലോചിച്ചശേഷം ആത്മവിശ്വാസത്തോടെ തന്നെ മറുപടി പറഞ്ഞു. സർ, എനിക്ക് ഈ ഭൂമി കാണാൻ കാല് വേണ്ട, ജീവൻ മതിയെന്ന്.

24 വർഷം തന്നെ താങ്ങിയ ഇടതുകാൽ മേയ് ഒന്നിന്​ മുറിച്ചുമാറ്റി. തുടക്കത്തിൽ ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടെങ്കിലും അവൻ പതുക്കെ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. അന്ന് കാൽമുട്ട് വേദനയെ തുടർന്ന് ചകിത്സിക്കാൻ പോയപ്പോൾ എക്സറേ എടുത്ത് വിശദ പരിശോധന നടത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ തന്നെ വഴക്ക് പറയാതെ ആ ഡോക്ടർ ത​െൻറ വാക്കുകൾ ചെവിക്കൊണ്ടിരുന്നെങ്കിൽ ഒരു പക്ഷേ... നന്ദുവും അമ്മയും വാക്കുകൾ മുഴുമിപ്പിച്ചില്ല.

ലോകം ഏറ്റെടുത്ത ഫേസ്​ബുക്ക് പോസ്റ്റ്

നന്ദുവി​െൻറ ഫേസ്​ബുക്ക് പോസ്​റ്റ്​ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി. ത​െൻറ അസുഖ വിവരമറിഞ്ഞ് ഒരുപാട് പേർ വിളിക്കുന്നുണ്ട്, മെസ്സേജ് അയക്കുന്നുണ്ട്. പക്ഷെ, തുടക്കത്തിൽ ആരോടും മറുപടി പറയാൻ ആരോഗ്യം അനുവദിച്ചിരുന്നില്ല. ഈ പ്രയാസം പരിഹരിക്കാനും എന്നെപ്പോലെ സമാന ദുഃഖം അനുഭവിക്കുന്നവർക്ക് ആശ്വാസം കൊടുക്കാനുമാണ് താൻ ഫേസ്ബുക്ക് പോസ്റ്റിടാൻ തീരുമാനിച്ചതെന്നും നന്ദു പറയുന്നു.

ദിവസേന നുറിലധികം ഫോൺകോളുകളും മെസ്സേജുകളും നന്ദുവിനെ തേടിയെത്തി. കാൻസറാണെന്ന് തുറന്നുപറയാൻ മടിക്കുന്ന പലർക്കും ആ പോസ്​റ്റ്​ ആശ്വസമായി. ആരോഗ്യ പ്രശ്നം ഉള്ളതിനാൽ പല കോളുകൾക്കും മെസ്സേജുകൾക്കും മറുപടി നൽകാൻ പറ്റിയില്ലെന്ന വിഷമവും നന്ദു പങ്കുവെച്ചു. 50ലധികം പേരെങ്കിലും വീട്ടിൽ ദിവസേന നന്ദുവിനെ കാണാൻ എത്തുന്നുണ്ട്.

അനുകമ്പയും സഹതാപവും വേണ്ടേ വേണ്ട

'ജീവിതം ഒന്നേയുള്ളൂ, അത് സന്തോഷത്തോടെ ജീവിച്ചു തന്നെ തീര്‍ക്കണം. അസുഖമെന്ന് കരുതി വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുകയൊന്നും വേണ്ട. മരണം വരെ, ആരോഗ്യം അനുവദിക്കും വരെ ജീവിക്കണം, അപ്പോഴാണ് ജീവിതത്തെയോർത്ത് സംതൃപ്തി തോന്നുക. കാൻസർ ബാധിച്ചുവെന്നറിയുമ്പോൾ തന്നെ പാതി മരിക്കുന്നവരാണ് കൂടുതലും പേർ. അസുഖം വന്നെന്ന് അറിഞ്ഞാൽ ആളുകൾ നടത്തുന്ന സഹതാപ തരംഗം അത് മാനസികമായി തളർത്തുന്ന ഘടകമാണ്.

നമ്മൾ കാൻസറിനെ കുറിച്ച് കൂടുതലറിയാൻ ഗൂഗ്​ൾ ചെയ്താൽ ആദ്യം കാണുക കാൻസർ വന്ന് മരണപ്പെട്ട പ്രശസ്തരുടെ ലിസ്റ്റുകളാണ്. പലരും പറഞ്ഞ് പേടിപ്പിച്ച് പലരെയും ധരിപ്പിച്ച് വെച്ചതും അത്തരം ഭയാനക കാര്യങ്ങളാണ്. ഇതിന് പകരം ശരിയായി ചികിത്സിച്ചാൽ ആശ്വാസം ലഭിക്കുമെന്നുള്ള സത്യം പലരും മറച്ചുപിടിക്കുന്നു. അങ്ങനെയുള്ള ഇമേജാണ് സിനിമയിൽ ഉൾപ്പെടെ പലരും സൃഷ്ടിച്ചുവെച്ചത്. അതാണ് പലരെയും തളർത്തുന്നത്. കാൻസർ എന്നത് അസുഖമല്ല. ഒരവസ്ഥയാണ്. ടെൻഷനാണ് ഇത്തരക്കാരിൽ പലരുടെയും ആരോഗ്യത്തെും ആത്മവിശ്വാത്തേയും തളർത്തുന്നത്. അസുഖം ബാധിച്ച കുട്ടികളിൽ ബഹുഭൂരിഭാഗവും രക്ഷപ്പെടാറുണ്ട്. കാരണം അവർക്ക് ഇത് എന്താണെന്നോ അതി​െൻറ ടെൻഷനോ അറിയില്ല. അതിനാൽ ടെൻഷനുമില്ല' നന്ദുവി​െൻറ വാക്കുകളിൽ പ്രതീക്ഷയുടെ നാലാവെട്ടം മിന്നിമറയുന്നു.

താങ്ങായി കുടുംബങ്ങളും സുഹൃത്തുക്കളും

അഛൻ ഹരി, അമ്മ, രണ്ട് സഹോദരൻമാർ, സഹോദരി എന്നിവരടങ്ങിയതാണ് കുടുംബം. സഹോദരി പ്ലസ് വൺ വിദ്യാർഥിയായ സായികൃഷ്ണ കേരള കബഡി ടീമി​െൻറ ക്യാപ്റ്റനായിരുന്നു. ബി.ബി.എ പഠനത്തിനിടെ സ്വന്തമായി അച്​ഛനുമൊത്ത് ഹേട്ടലുകളിലേക്കുള്ള ഭക്ഷണ വിഭവങ്ങൾ തയാറാക്കുന്ന ജോലിയായിരുന്നു. അസുഖം ഭേദപ്പെട്ടതിന് ശേഷം കട നന്നായി മുന്നോട്ട് കൊണ്ട് പോകണമെന്നും തുടർ പഠനം നടത്തണമെന്നുമുള്ള മറുപടിയിൽ മുഖത്ത് പ്രത്യാശയുടെ വെള്ളിവെളിച്ചം മിന്നിമറയുന്നു. ആറ്​ കീമോ നിലവിൽ കഴിഞ്ഞു. ഇന് 12 എണ്ണം ബാക്കിയുണ്ട്.


ഒത്തിരി പണം ഇല്ലെങ്കിലും സഹപാഠികൾ, ഏപ്പോഴും കൂടെയുള്ള കൂട്ടുകാർ, സഹൃദയർ ഇവർ നൽകുന്ന പണമാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രച്ചസി​െൻറ സഹായത്തോടെ പതുക്കെ നടക്കാൻ ശ്രമിക്കുന്നു. മുറിവ് ഉണങ്ങിയ ശേഷം കൃത്രിമകാല് വെക്കണമെന്നുണ്ട്. പക്ഷെ, അതി​െൻറ ഭാരിച്ച പണച്ചെലവ് താങ്ങാവുന്നതിനെക്കാളും അപ്പുറമായതിനാൽ അതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് നന്ദു പറയുന്നു.

കാല് ഇല്ലെന്നത് ശരീരം ഇപ്പോഴും ഉൾക്കൊള്ളാത്തത് തന്നെ പ്രയാസപ്പെടുത്തുന്നുണ്ട്. മരുന്നുകൾക്കും പരിശോധനകൾക്കും അപ്പുറം ആർ.സി.സിയിലെ ഡോക്ടർമാരുടെയും നഴിസുമാരുടെയും പരിചരണം ഒരുപാട് പ്രചോദനം തന്നിട്ടുണ്ട്. സ്വന്തമായി കൂട്ടായ്മ രൂപീകരിച്ച് കാൻസറിനെതിരെ പൊരുതാനാണ് ഭാവിയിൽ പദ്ധതി. വരും ഞാൻ തിരിച്ച് വരും.. ഇത് തളർന്നുറങ്ങാനുള്ള സമയമല്ല.. ഒരു കാല് മാത്രമാണ് നഷ്ടപ്പെട്ടത്. എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല...

(2018 ജൂലൈ 24ന് വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഫീച്ചർ)

Show Full Article
TAGS:Nandu Mahadeva 
News Summary - Nandu Mahadevan was the name of the medicine for cancer
Next Story