വോട്ടർപട്ടികയിൽ പേരില്ല: ആന്തൂർ നഗരസഭയിൽ ഇടതു സ്ഥാനാർഥിയെ മാറ്റി
text_fields
തളിപ്പറമ്പ്: സ്ഥാനാർഥിയെ കണ്ടെത്തി പ്രചാരണം തുടങ്ങിയപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് മനസ്സിലായത്. ഇതേത്തുടർന്ന് ആന്തൂർ നഗരസഭ ആറാം വാർഡിൽ ഇടതുസ്ഥാനാർഥിയെ മാറ്റി.
ബക്കളം വാർഡിലാണ് പ്രവാസിയും വ്യവസായ പ്രമുഖനുമായ ജബ്ബാർ ഇബ്രാഹിമിനെ സി.പി.എം സ്ഥാനാർഥിയായി തീരുമാനിച്ചത്. തീരുമാനം വന്നയുടൻ സ്ഥാനാർഥിയുടെ ഫോട്ടോയടക്കംവെച്ച് സമൂഹമാധ്യമങ്ങളിൽ കാർഡ് അടിച്ച് പ്രചാരണവും തുടങ്ങിയിരുന്നു. നിരവധിയാളുകൾ ഇത് ഷെയർ ചെയ്തിരുന്നു. അതിനിടയിൽ സി.പി.എം വ്യാഴാഴ്ച സ്ഥാനാർഥികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടെയാണ് വോട്ടർ പട്ടികയിൽ ജബ്ബാർ ഇബ്രാഹിമിന്റെ പേരില്ലെന്ന് മനസ്സിലായത്. ഉടൻ സി.പി.എം നേതാക്കൾ ഇടപെടുകയും ടി.വി. പ്രേമരാജനെ വാർഡിൽ സ്ഥാനാർഥിയായി നിശ്ചയിക്കുകയും ചെയ്തു. സർക്കാർ സർവിസിൽനിന്ന് വിരമിച്ച പ്രേമരാജൻ തളിപ്പറമ്പ് സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ സെക്രട്ടറിയാണ് നിലവിൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജബ്ബാർ ഇബ്രാഹിം വോട്ട് ചെയ്തിരുന്നു. അതിനാൽ പട്ടികയിൽ പേരുണ്ടാകുമെന്നായിരുന്നു കരുതിയത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

