‘നജീബ് അങ്കിളിനോട് മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വേദനിച്ചു, ക്ലാസ്സിൽ ഏറ്റവും ഉയരം കുറഞ്ഞവളാണ് ഞാൻ’ -എട്ടാം ക്ലാസുകാരിയുടെ ഫോൺവിളി പങ്കുവെച്ച് നജീബ് കാന്തപുരം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ബോഡി ഷെയിമിങ് നേരിട്ടപ്പോൾ പലരും നേരിട്ടും ഫോൺ വിളിച്ചും ആശ്വസിപ്പിച്ചതായി നജീബ് കാന്തപുരം എം.എൽ.എ. പുതുതലമുറയിലുള്ള ഒരുപാട് കുട്ടികളും വിളിച്ചതായി അദ്ദേഹം പറഞ്ഞു. എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരുപെൺകുട്ടിയുടെ ഫോൺകോളിനെ കുറിച്ചും അദ്ദേഹം ചാനൽ ചർച്ചയിൽ വിശദീകരിച്ചു.
‘ഇന്നലെ ഒരുപാട് കുട്ടികൾ എന്നെ വിളിച്ചു. അതിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി എനിക്കൊരു വിഡിയോ അയച്ചു തന്നു. എന്നിട്ട് ആ കുട്ടി പറഞ്ഞ കാര്യങ്ങൾ ഈ കേരളം ചർച്ച ചെയ്യേണ്ടതാണ്. ‘ഞാൻ ഉയരം കുറഞ്ഞ ഒരു പെൺകുട്ടിയാണ്. എന്റെ ക്ലാസ്സിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ. അതിന്റെ പേരിൽ ഞാൻ നേരിടുന്ന ബോഡി ഷെയ്മിങിന്റെ വേദന എനിക്കറിയാം. അതുകൊണ്ട്, നജീബ് അങ്കിളിനോട് മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വേദനിച്ചു. എന്നെപ്പോലെയുള്ള നിരവധി പെൺകുട്ടികളും ആൺകുട്ടികളും ഈ നാട്ടിൽ ബോഡി ഷെയ്മിങിന് വിധേയമായി മാനസികാഘാതം ഉണ്ടാക്കുന്നുണ്ട്’ എന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്. നമ്മളൊക്കെ പൊളിറ്റിക്സിനെ കൂടുതൽ ക്രിയേറ്റീവ് ആക്കണം. പുതിയ തലമുറയെ പ്രത്യേകിച്ച് ജെൻ സി ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്ന തരത്തിൽ സർഗാത്മകമാക്കണം. നമ്മളുടെ പുതിയ ജനറേഷൻ, ഇതിലൊക്കെ വലിയ തോതിൽ ആശങ്കാകുലരാണ്. അവർക്കൊക്കെ വലിയ തീരുമാനങ്ങൾ ഉണ്ട്’ -നജീബ് കാന്തപുരം പറഞ്ഞു.
‘മുഖ്യമന്ത്രി നിയമസഭയിൽ ഏതോ ഒരു എംഎൽഎയെ ഉദ്ദേശിച്ച് പറഞ്ഞ ഒരു വാക്ക്, കേവലം നിയമസഭയ്ക്ക് അകത്തെ കാര്യം മാത്രമല്ല. അത് അനേകം മനുഷ്യരുടെ മനസ്സിനെ നോവിക്കുന്ന, അവരെ മുറിവേൽപ്പിക്കുന്ന ഒരു പദമാണ്. ഇന്ന് മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പകരമായി പാർലമെന്ററി കാര്യമന്ത്രി മാപ്പ് ചോദിക്കുമെന്നും ഇത് സഭാരേഖയിൽ നിന്ന് നീക്കാൻ വേണ്ടി ആവശ്യപ്പെടും എന്നുമാണ് ഞാൻ കരുതിയത്. പക്ഷേ, 'ആരുടെയും പേര് പറഞ്ഞില്ലല്ലോ' എന്ന് പറഞ്ഞ് പാർലമെന്ററി കാര്യമന്ത്രി അതിനെ ന്യായീകരിക്കുന്നതാണ് നമ്മളെ ഞെട്ടിച്ചത്. ഇതിലെ ബോഡി ഷെയ്മിങിനെ കുറിച്ച് അദ്ദേഹത്തിന് മനസ്സിലായില്ലേ എന്നതാണ് ഏറ്റവും ഉൽക്കണ്ഠപ്പെടുത്തുന്നത്. എല്ലാവരും മുഖ്യമന്ത്രിക്ക് കോറസ് പാടുന്ന, എല്ലാവരും മുഖസ്തുതി പറയുന്ന, എല്ലാവരും സുഖിപ്പിക്കുന്ന ഒരു പാർട്ടിയുടെ പേരാണോ സിപിഎം?
ഇത് സംഭവിച്ചതിന് ശേഷമാണ് കടകംപള്ളി സുരേന്ദ്രൻ ഒരു പ്രയോഗം നടത്തുന്നത്, 'ആണത്തം.' ഏത് കാലത്താണ് നമ്മൾ? ഏത് നവകേരളത്തെ കുറിച്ചാണ് സംസാരിക്കുന്നത്? ഏത് നമ്പർ വണ്ണിനെ കുറിച്ചാണ് സംസാരിക്കുന്നത്? അദ്ദേഹത്തിന് ഈ തെറ്റ് മനസ്സിലായപ്പോൾ സഭ പിരിയുന്നതിന് മുമ്പ് അത് തിരുത്തി. എന്നാൽ, അതിന് ശേഷം ചിത്തരഞ്ജൻ പറഞ്ഞതോ? 'രണ്ട് കൈയും ഇല്ലാത്ത ഒരാളുടെ ചന്തിക്ക് ഉറുമ്പ് കടിച്ചാലുള്ള അവസ്ഥ നിങ്ങൾ നോക്കൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് കൈയും ഇല്ലാത്ത ഒരു മനുഷ്യന്റെ വേദന നിങ്ങൾ ഓർത്തിട്ടുണ്ടോ? നമ്മുടെ നാട്ടിൽ തന്നെ ഒരുപാട് കുട്ടികളുണ്ട്, രണ്ട് കൈയും ഇല്ലാതെ, ഒരുപാട് റെക്കോർഡുകൾ നേടിയിട്ടുള്ള, ഒരുപാട് പ്രാഗൽഭ്യം തെളിയിച്ച കുട്ടികൾ. ആ കുട്ടികൾക്കൊക്കെ ചിത്തരഞ്ജന്റെ വാക്കുകൾ ഉണ്ടാക്കുന്ന മാനസികമായ ഷോക്ക് ഉണ്ട്. നമ്മളൊക്കെ അതിനെ കുറിച്ച് ആലോചിക്കണ്ടേ? നമ്മളൊക്കെ ജനപ്രതിനിധികളായി നിൽക്കുമ്പോൾ ഭാഷയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ കുറിച്ച് ബോധ്യം വേണ്ടേ?
വെള്ളാപ്പള്ളി നടേശനൊപ്പം കൈപൊക്കി കൈപൊക്കി പിണറായി വിജയന്റെ സ്വഭാവം വെള്ളാപ്പള്ളിയുടെ സ്വഭാവമായി മാറിയതാണോ? അല്ലെങ്കിൽ, ഭിന്നശേഷിക്കാർ ഇല്ലാത്ത ജർമനിക്ക് വേണ്ടി ഭിന്നശേഷിക്കാരെ കൊന്നൊടുക്കിയ ഹിറ്റ്ലറെ കുറിച്ച് നമ്മൾ പറയാറുണ്ട്. അപോലെ, ഭിന്നശേഷിക്കാർ ഇല്ലാത്ത, ഉയരം കുറഞ്ഞവർ ഇല്ലാത്ത, സിക്സ് പാക്ക് മാത്രമുള്ളവർ മാത്രമുള്ള ഒരു കേരളമാണോ നവകേരളം?’ -നജീബ് കാന്തപുരം ചോദിച്ചു.
ഇവരൊന്നും ഒരു 19-ാം നൂറ്റാണ്ടിൽ നിന്ന് മുന്നോട്ടു വന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ വലിയ നിരാശയാണ് തോന്നുന്നത്. ഇത് രാഷ്ട്രീയത്തിന് മൊത്തം ഏൽപ്പിക്കുന്ന ആഘാതത്തെ കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ പദപ്രയോഗം എത്ര ഭീകരവും നീചവുമായ ബോഡി ഷെയ്മിങ് ആയിരുന്നു എന്ന് കേരളത്തിൽ അന്നം തിന്നുന്ന എല്ലാവർക്കും ബോധ്യമാകും. അവർക്കൊക്കെ അത് മനസ്സിലായിട്ടുമുണ്ട്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ ഒരു പദം നാക്കുപിഴ അല്ല എന്നും, അത് അദ്ദേഹം ബോധപൂർവ്വം പറഞ്ഞ കാര്യമാണെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തിൽ തന്നെ വ്യക്തമാണ്. കാരണം, അദ്ദേഹം പറഞ്ഞത്, 'എട്ടുമുക്കാൽ അടക്കിവെച്ച പോലെ ഉള്ള ഒരാൾ. അദ്ദേഹം എന്താണ് ചെയ്യുന്നത്? ഉയരം കുറഞ്ഞ ഒരാൾ, അദ്ദേഹത്തിന്റെ ശാരീരിക ശേഷിയെ പോലും ആലോചിക്കാതെ, പോലീസിനെ നേരെ ചാടിയെടുക്കുന്നത് ശരിയാണോ? ‘അയാൾക്ക് ഇതിനുള്ള ശേഷി ഉണ്ടോ?’’ എന്നാണ്.
ശേഷിയുടെ അടിസ്ഥാനത്തിലാണോ നിയമസഭയിൽ ആളുകൾ വരുന്നത്? ഇങ്ങനെ തീവ്രതയൊക്കെ അളന്ന്, മസിൽ പവർ, സിക്സ് പാക്ക് ഒക്കെ എടുത്തിട്ട് മാത്രമാണോ നിയമസഭയിലേക്ക് വരേണ്ടത്? അല്ലെങ്കിൽ, ആറടി, ഏഴടി, എട്ടടി ഹൈറ്റ് ഉള്ള ആളുകൾക്ക് മാത്രം ഉള്ളതാണോ നിയമസഭ? അങ്ങനെയാണെങ്കിൽ, കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെ ഉയരം എത്രയായിരുന്നു? കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന്റെ ഉയരം എത്രയായിരുന്നു? അതിനുശേഷമുള്ള മുഖ്യമന്ത്രിയെ ഞാൻ ഏതായാലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി കാണുന്നില്ല.
പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ ഒരു പദപ്രയോഗം മുഖ്യമന്ത്രി പറയുമ്പോൾ, ഉയരക്കുറവിനെ അദ്ദേഹം വളരെ പരിഹാസരൂപേണ പറയുമ്പോൾ, അതിന് കോറസ് പാടി കൈയടിക്കുന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഭരണപക്ഷ എംഎൽഎമാരെ കുറിച്ച് ഓർത്താണ് ഞാൻ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത്. സി.പി.എം എന്നാൽ ഇരുമ്പുമറയാണ്. ഈ മറയ്ക്കുള്ളിൽ എല്ലാവർക്കും ഒരേ സ്വഭാവമാണ്. പിണറായി വിജയന്റെ സ്വഭാവം എന്തോ, അതുതന്നെ എല്ലാവർക്കും. ഇത് കേരളം ഭയപ്പെടേണ്ട ഒരു കാര്യമാണ്. ഇതൊരു ഫാഷിസ്റ്റ് മുഖമാണ്. ഏകാധിപത്യ സ്വരമാണ്. ധാഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും മുഖമാണ്. ഇതല്ല കേരളത്തിൽ പുതിയ തലമുറ ആഗ്രഹിക്കുന്ന പൊളിറ്റിക്സ് എന്ന് പറയുന്നത്’ -നജീബ് കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

