എനിക്കൊരു സ്വപ്നമുണ്ട്, അത് സഫലമാകും വരെ മുന്നിലുണ്ടാവും; ഒരു കേസ് കൊണ്ടും പിറകോട്ട് പോവില്ലെന്ന് നജീബ് കാന്തപുരം
text_fieldsകോഴിക്കോട്: പകുതി വിലക്ക് ലാപ്ടോപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്തതിൽ പ്രതികരിച്ച് നജീബ് കാന്തപുരം എം.എൽ.എ. തനിക്കൊരു സ്വപ്നമുണ്ടെന്നും അത് സഫലമാകും വരെ മുന്നിലുണ്ടാവുമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. ഒരു കേസ് കൊണ്ടും ഞാൻ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തിൽ നിന്ന് പിറകോട്ട് പോവില്ലെന്നും ഒരു എതിരാളിയും അത് കിനാവു കാണേണ്ടെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, സ്കൂൾ കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എനിക്കൊരു സ്വപ്നമുണ്ട്. പെരിന്തൽമണ്ണയിലെ ഏറ്റവും ദുർബലനായ മനുഷ്യനും അന്തസ്സോടെ എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന ഒരു ദിവസം. ആ സ്വപ്നം സഫലമാകും വരെ ഞാൻ ഈ എനർജിയോടെ തന്നെ നിങ്ങളുടെ മുന്നിലുണ്ടാവും. ഒരു കേസ് കൊണ്ടും ഞാൻ ആ വലിയ ഉത്തരവാദിത്ത നിർവ്വഹണത്തിൽ നിന്ന് പിറകോട്ട് പോവില്ല. ഒരു എതിരാളിയും അത് കിനാവു കാണേണ്ട..
പകുതി വിലക്ക് ലാപ്ടോപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നജീബ് കാന്തപുരം എം.എൽ.എക്കെതിരെ പെരിന്തൽമണ്ണ പൊലീസ് ഇന്നലെ കേസെടുത്തത്. പുലാമന്തോൾ ടി.എൻ പുരം സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി.
2024 സെപ്തംബർ 25 നാണ് എം.എൽ.എയുടെ ഓഫിസിൽ എത്തി പണം നൽകിയത്. പണം കൈപ്പറ്റിയ ഓഫിസ് സെക്രട്ടറി കേസിൽ രണ്ടാം പ്രതിയാണ്. 40 ദിവസം കഴിഞ്ഞാൽ ലാപ്ടോപ്പ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ, ലാപ്ടോപ്പോ പണമോ ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.
ഭാരതീയ ന്യായസംഹിത 318 (4), 3 (5) വകുപ്പുകളിൽ പെരിന്തൽമണ്ണ എസ്.ഐ ടി.എ ഷാഹുൽ ഹമീദാണ് കേസെടുത്തത്. പണം നൽകിയപ്പോൾ ‘മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ’ എന്ന പേരിലാണ് രശീതി ലഭിച്ചത്. എം.എൽഎ ഓഫിസിലെ ജീവനക്കാരാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നൽകിയതും.
നജീബ് കാന്തപുരം എം.എൽ.എ നേതൃത്വം നൽകുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുൻകൂർ പണമടച്ചതെന്നും കിട്ടാതായതോടെ എം.എൽ.എയുടെ ഓഫിസിലെത്തി അന്വേഷിച്ചിരുന്നെന്നും അനുപമയുടെ പിതാവ് ഉണ്ണികൃഷ്ണൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

