'ഇനിയൊരു സ്റ്റാൻ സ്വാമിയായി ഒടുങ്ങും മുമ്പെങ്കിലും ആ മനുഷ്യനോട് കേരളം കനിവ് കാണിക്കണം'
text_fieldsകോഴിക്കോട്: ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്ന അബ്ദുന്നാസർ മഅ്ദനിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ. മഅ്ദനി ഉയർത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകൾക്കപ്പുറം ഇനിയൊരു സ്റ്റാൻ സ്വാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം. മഅ്ദനിക്ക് വേണ്ടി രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ് -നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
അബ്ദുന്നാസർ മഅ്ദനിയുടെ ദുർബലമായ ആ ശബ്ദ സന്ദേശം ഏറെ വേദനയോടെയാണ് കേട്ടതതെന്ന് നജീബ് കാന്തപുരം പറയുന്നു. വളരെ മുമ്പെ, ഗാംഭീര്യത്തോടെ മുഴങ്ങിയ ആ ശബ്ദം ഇത്രമേൽ ദുർബലമായത് ഭരണകൂട ഭീകരതയുടെ പല്ലും നഖവും ഏൽക്കേണ്ടി വന്ന നിസ്സഹായതയിൽ നിന്നാണ്.
അബ്ദുന്നാസർ മഅ്ദനി ഉയർത്തിയ രാഷ്ട്രീയത്തിന്റെ ശരിതെറ്റുകൾക്കപ്പുറം ഇനിയൊരു സ്റ്റാൻ സ്വാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.
മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികൾക്കൊടുവിൽ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോൾ ഒരു പൂ നൽകാതെ മരിച്ചവർക്ക് പുഷ്പചക്രം നൽകുന്നവരായി മലയാളികൾ മാറിക്കൂടാ. മഅ്ദനി വേദനയുടെ ഒരു കടൽ കുടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാൻ വിട്ട് കൊടുക്കരുത് -നജീബ് കാന്തപുരം പറഞ്ഞു.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് മഅ്ദനിയുള്ളത്. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മഅ്ദനി ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇല്ലെങ്കിൽ ശരീരം നിശ്ചലമാകും. എന്നാൽ, ശസ്ത്രക്രിയയ്ക്കു പറ്റിയ അവസ്ഥയിലല്ല വൃക്കയുള്ളത്. അപകടസാധ്യത കൂടുതലുള്ള അവസ്ഥയിലാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും മഅ്ദനി ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടു.
വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കണമെന്നുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതിയുടെ മുമ്പിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

