'പരിപ്പുവടയിൽ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാൽ സി.പി.എമ്മുകാർ സമ്മതിക്കുമോ..?, തോറ്റാൽ തോറ്റെന്ന് സമ്മതിക്കണം, അല്ലാതെ നാട്ടുകാരെ മൊത്തം വർഗീയവാദികളാക്കരുത്'; നജീബ് കാന്തപുരം
text_fieldsനിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവിയെ ന്യായീകരിക്കുന്ന എൽ.ഡി.എഫ് നേതാക്കളെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ നജീബ് കാന്തപുരം. സത്യത്തിൽ ഇവരെ തോൽപ്പിച്ചത് എന്തിനാണെന്ന് വോട്ടുചെയ്ത നാട്ടുകാർക്ക് മുഴുവൻ അറിയാം, എന്നാലും സമ്മതിക്കാൻ തയാറാകാത്തത് മഹാരാജാവിന്റെ കോട്ടുവായ ശ്രവണ സുന്ദരമായ രാജകാഹളമാണെന്ന് പാർട്ടിക്കാർ ധരിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണെന്ന് നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
'11077 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ആര്യാടൻ ഷൗക്കത്ത് മതവർഗീയ വാദികളുടെ വോട്ട് വാങ്ങിയാണ് ജയിച്ചതെന്നാണ് മന്ത്രി റിയാസും വർഗീയതയുടെ സമ്മേളനമെന്ന് ഗോവിന്ദൻ മാസ്റ്ററും ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത സമാസമം കൂട്ടുപിടിച്ചാണ് യു.ഡി.എഫ് ജയിച്ചതെന്ന് എ.വിജയരാഘവനും പറയുന്നത്. പരിപ്പുവടയിൽ മുഖ്യ ചേരുവ അതിലിടുന്ന ഒരു നുള്ള് ഉപ്പാണെന്ന് പറഞ്ഞാൽ സി.പി.എമ്മുകാർ സമ്മതിക്കുമോ, അതിൽ മാവിനും പരിപ്പിനും റോളില്ലേ..?, തോറ്റാൽ തോറ്റെന്നു സമ്മതിക്കണം. അല്ലാതെ യു.ഡി.എഫിന് വോട്ടുചെയ്ത നാട്ടുകാർ മൊത്തം വർഗീയവാദിയാണെന്ന് പറഞ്ഞുവെക്കരുത്.'- നജീബ് പോസ്റ്റിൽ വിമർശിച്ചു.
ഒരു തൊഴുത്തിലെ കന്നുകാലി വിസർജ്യത്തിന്റെ ദുർഗന്ധം അടുത്ത് താമസിക്കുന്ന നാട്ടുകാർക്ക് മൊത്തം ലഭിച്ചാലും തൊഴുത്ത് പരിപാലിക്കുന്നവന് ഒന്നും തോന്നില്ല. അത് നിത്യം അവിടെ പെരുമാറുന്നതുകൊണ്ടാണ്. നാട്ടുകാർക്ക് മൊത്തം ഭരണ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.
11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകള്‍ ഷൗക്കത്ത് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ 19,760 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി മോഹൻ ജോർജ് 8,648 വോട്ടുകളും നേടി.
വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് യു.ഡി.എഫ് വിജയിച്ചതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യു.ഡി.എഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് തോൽവിക്ക് ശേഷം ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാനത്ത് ഭരണം നടത്തുന്ന സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് എന്ന് വരുത്തി തീർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയല്ലെന്നും ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിനു നൽകിയെന്നും റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

