കരുണയുടെ മാലാഖയായി 'നൈല'; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പത്തുദിവസം പ്രായമുള്ള പെൺകുഞ്ഞ്
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ തലേന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പത്തുദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തി. ആധുനിക നഴ്സിങിന്റെ മാതാവ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം കുരുന്നിന് 'നൈല' എന്ന് പേരിട്ടതായി സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.15-നാണ് അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങുകയും സുരക്ഷാ മോണിറ്ററിൽ കുഞ്ഞിന്റെ ചിത്രം തെളിയുകയും ചെയ്തത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ജീവനക്കാരും ചേർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 2.64 കിലോ ഭാരമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ അമ്മത്തൊട്ടിലുകൾ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്ന 104-ാമത്തെ കുരുന്നാണ് നൈല. 2023 മെയ് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ (63 പേർ) എത്തിയത്. ആലപ്പുഴയിൽ പത്തും കോഴിക്കോട് എട്ടും കോട്ടയത്ത് ഏഴും തൃശൂരിൽ ആറും കൊല്ലത്ത് നാലും എറണാകുളം, കാസർഗോഡ് എന്നിവിടങ്ങളിൽ രണ്ട് വീതവും പത്തനംതിട്ടയിൽ ഒരു കുട്ടിയും ഇക്കാലയളവിൽ അമ്മത്തൊട്ടിലിലെത്തി. ഇതേ കാലയളവിൽ തന്നെ 226 കുട്ടികളെ സ്വദേശത്തും വിദേശത്തുമായി ദത്ത് നൽകാനും സമിതിക്ക് സാധിച്ചു. ഇതിൽ 199 കുട്ടികൾക്ക് സ്വദേശത്തും 27 പേർക്ക് വിദേശത്തുമാണ് പുതിയ വീടുകൾ ലഭിച്ചത്. ഇറ്റലിയിലേക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ (10 പേർ) ദത്ത് പോയത്. നിലവിൽ സംസ്ഥാനത്തെ വിവിധ ശിശുപരിചരണ കേന്ദ്രങ്ങളിലായി 285 കുട്ടികൾ സമിതിയുടെ തണലിൽ കഴിയുന്നുണ്ട്. നൈലയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

