കാട്ടുതേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു
text_fieldsസുദേവൻ
നാദാപുരം: വിലങ്ങാട് പാനോം പുല്ലുവായിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. കൂലിത്തൊഴിലാളി പാനോത്തെ പുത്തംപുരയിൽ സുദേവനാണ് (65) മരിച്ചത്. അഞ്ചുപേർക്കുകൂടി കുത്തേറ്റു.
ചൊവ്വാഴ്ച വാണിമേൽ സ്വദേശി അമ്മദ്, സമീപവാസികളായ ജോർജ് വട്ടക്കുന്നേൽ, ബിമൽ മഞ്ചികപ്പള്ളി എന്നിവർക്കും ബുധനാഴ്ച സഹോദരരായ മഞ്ഞാങ്കിൽ ബിനി, രഘു എന്നിവർക്കുമാണ് കുത്തേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെ സുദേവൻ വിലങ്ങാട് സ്വദേശി ജോബിയുടെ പറമ്പിൽ കുരുമുളക് പറിക്കാൻ പോയിരുന്നു. ഇതിനിടെ തേനീച്ച കൂട്ടം കൂട്ടമായി ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ് അരക്കിലോമീറ്റർ ദൂരം ഓടിയ ഇയാൾ പാനോം റോഡിലേക്കുള്ള മൺപാതയിൽ വീണതായി കരുതുന്നു. ഉച്ചക്ക് രണ്ടരയോടെ ഇതുവഴി കടന്നുപോയയാളാണ് വഴിയിൽ മരിച്ചു കിടക്കുന്ന സുദേവനെ കണ്ടത്. ശരീരമാസകലം കുത്തേറ്റ പാടുകളുണ്ട്. മൃതദേഹംകണ്ട സ്ഥലത്തിന് തൊട്ടുമുകൾ ഭാഗത്തെ വീട്ടിൽ രാവിലെ തേനീച്ചകൾ കൂട്ടമായെത്തി ഭീതി വിതച്ചതിനാൽ വീട്ടുകാർ മറ്റൊരു സ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായും രണ്ടു ദിവസമായി പ്രദേശത്ത് തേനീച്ചയുടെ ആക്രമണം നടക്കുന്നതായും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജുവും നാട്ടുകാരും പറഞ്ഞു.
വളയം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകരയിലേക്ക് മാറ്റി. ഭാര്യ: സുധ. മക്കൾ: സുനീഷ്, സുനിത. മരുമക്കൾ: പ്രിൻസി, ബിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

