നബീസ വധക്കേസ്: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്
text_fieldsമണ്ണാര്‍ക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസയെ (71) കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം തടവ്. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരാണ് പ്രതികള്‍. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
2016 ജൂണ്‍ 24നാണ് നബീസയുടെ മൃതദേഹം ആര്യമ്പാവ് - ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്കു സമീപം റോഡരികില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് നാലു ദിവസം മുമ്പ് ഇവരെ ബഷീര്‍ മണ്ണാർക്കാട്ടെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 22ന് രാത്രി ചീരക്കറിയില്‍ ചിതലിനുള്ള മരുന്ന് ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്കി.
എന്നാൽ, ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മനസ്സിലാക്കിയതോടെ ബലംപ്രയോഗിച്ച് വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യക്കുറിപ്പ് സഹിതം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
എഴുത്തും വായനയുമറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവിന്റെ പിതാവിന് മെത്തോമൈന്‍ എന്ന വിഷപദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീല നേരത്തേ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

