നബാർഡ് ഗ്രാമീണ വികസന ഫണ്ട്: 1441.24 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന്റെ (ആർ.ഐ.ഡി.എഫ്) ട്രഞ്ച് 31ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി. വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ റാപ്പിഡ് റെസ്പോൺസ് യൂനിറ്റുകൾ, ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്സുകൾ എന്നിവയുടെ നിർമാണവും വനം ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു.
വൈദ്യുതി മേഖലയിൽ കാർഷിക ഗുണഭോക്താക്കൾക്കായി 5689 സോളാർ പമ്പുകൾ സ്ഥാപിക്കാൻ 199.70 കോടി അനുവദിച്ചു. ജലസേചന പദ്ധതികൾക്കായി 176.42 കോടിയുടെ ശിപാർശയുണ്ട്. പഴശ്ശി, കാരാപ്പുഴ ജലസേചന പദ്ധതികളിലെ കനാലുകളുടെ നവീകരണമാണ് പ്രധാന ലക്ഷ്യം. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷന് തൃശൂർ, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ പടവ് നിലങ്ങളുടെയും കുളങ്ങളുടെയും നവീകരണവും വികസനവും ഉൾപ്പെടെ ആറ് പദ്ധതികൾക്കായി 261 കോടി ശിപാർശ ചെയ്തു.
സാമൂഹികനീതി വകുപ്പിന് കീഴിൽ നിപ്മെറിൽ 250 കിടക്കയുള്ള പുനരധിവാസ ആശുപത്രി, അക്കാദമിക് ബ്ലോക്ക് നിർമാണം എന്നിവക്കായി 73 കോടി ശിപാർശ ചെയ്തു. കൃഷി വകുപ്പിന് 12 ജില്ലകളിലായി 26 സ്മാർട്ട് കൃഷിഭവനുകൾ സ്ഥാപിക്കൽ, ആലപ്പുഴ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂർ ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 176.14 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. തീരദേശ ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് മയ്യലിലും മുല്ലക്കോടിയിലും ബോട്ട് ജെട്ടികൾ നിർമിക്കൽ, ടി.എസ്. കനാലിന് കുറുകെയുള്ള പാലങ്ങൾ ഉൾപ്പെടെ ആറ് പാലങ്ങളുടെ നിർമാണം എന്നിവക്കായി 217 കോടി ശിപാർശ ചെയ്തു. വെയർഹൗസുകളുടെയും ഗോഡൗണുകളുടെയും നിർമാണത്തിനായി 44.92 കോടി അനുവദിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന് മാലിന്യ സംസ്കരണ പദ്ധതികൾക്കായി 165 കോടി നീക്കിവെച്ചു. മത്സ്യബന്ധന-തുറമുഖ എഞ്ചിനീയറിങ് വകുപ്പുകൾ സമർപ്പിച്ച 243 കോടിയുടെ പദ്ധതികൾ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിന് കീഴിൽ കുറഞ്ഞ പലിശ നിരക്കിൽ ഏറ്റെടുക്കാൻ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

