എൻ. വാസുവിന്റേത് പാർട്ടിക്കാരേയും അമ്പരപ്പിച്ച നിയമനം; പടിയിറങ്ങിയിട്ടും സ്വാധീനം നിലനിർത്തി
text_fieldsഎൻ. വാസു പത്മകുമാറിനൊപ്പം
പത്തനംതിട്ട: സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എൻ. വാസുവിന് ദേവസ്വം ബോർഡിലും സർക്കാറിലും വൻ സ്വാധീനം. ദേവസ്വം കമീഷണറെന്ന നിലയിലും പ്രസിഡന്റെന്ന നിലയിലും പതിറ്റാണ്ടോളം തുടർന്ന അദ്ദേഹം പടിയിറങ്ങിയശേഷവും സ്വാധീനം നിലനിർത്തി. രണ്ടുതവണ ദേവസ്വം കമീഷണറായ വാസു, സി.പി.എം നോമിനിയായി ദേവസ്വം ബോർഡ് പ്രസിഡന്റുമായി.
കമീഷണർ സ്ഥാനത്തുനിന്ന് പടിയിറങ്ങി ഏഴ് മാസത്തിനുള്ളിലായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റായിട്ടുള്ള മടങ്ങിവരവ്. സി.പി.എം നേതാക്കളെപ്പോലും അമ്പരപ്പിച്ച നിയമനമായിരുന്നു അത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലായിരുന്നു സ്ഥാനലബ്ധി. ശബരിമല യുവതീപ്രവേശന പ്രക്ഷോഭകാലത്ത് ദേവസ്വം കമീഷണറായിരുന്ന വാസു സർക്കാറിനൊപ്പം ഉറച്ചുനിന്നു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മറികടന്ന് ഇടപെടലുകളും നടത്തി.
യുവതീപ്രവേശന വിഷയത്തിൽ പത്മകുമാറിന്റെ ഇടപെടലുകളിൽ അതൃപ്തിയിലായിരുന്ന സി.പി.എമ്മും സർക്കാറും വാസുവിനെ ഉപയോഗിച്ചായിരുന്നു തുടർഇടപെടലുകൾ നടത്തിയത്. ഇതിലൂടെ മുഖ്യമന്ത്രിയുമായി അടുത്തബന്ധം സ്ഥാപിച്ചു. തുടർന്നാണ് പത്മകുമാറിന്റെ പിൻഗാമിയായി പ്രസിഡന്റ്പദത്തിലേക്ക് എത്തുന്നത്.
വാസു പ്രസിഡന്റായപ്പോൾ, സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന സുധീഷ് കുമാറിനെ പേഴ്സനൽ അസിസ്റ്റന്റുമാക്കി. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ സുധീഷ് കുമാറിന്റെ അന്നത്തെ നിയമനവും പ്രത്യേക ലക്ഷ്യത്തോടെയാണെന്നാണ് സംശയിക്കുന്നത്. ബോർഡിന്റെ ഫയലുകളെല്ലാം ഇരുവരും ചേർന്നാണ് കൈകാര്യം ചെയ്തിരുന്നത്.
ദേവസ്വം ട്രൈബ്യൂണൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള വാസു, പി.കെ. ഗുരുദാസൻ മന്ത്രിയായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഡെപ്യൂട്ടേഷനിലാണ് ദേവസ്വം കമീഷണറായി എത്തിയത്. കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

