ശബരിമല: കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എൻ. വാസു
text_fieldsകൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞത് സംബന്ധിച്ച് രേഖകളില്ലെന്ന് സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ. വാസു ഹൈകോടതിയിൽ. ജാമ്യഹരജിയിലാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകിയ ജസ്റ്റിസ് എ. ബദറുദ്ദീൻ, ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
2019ൽ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശിപാർശ വന്നപ്പോൾ വാസു ദേവസ്വം കമീഷണറായിരുന്നു. ചെമ്പുപാളികളെന്നാണ് ശിപാർശയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാൻ ബോർഡിനോട് നിർദേശിക്കുക മാത്രമാണ് ഹരജിക്കാരൻ ചെയ്തതെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, 2010 മുതൽ പദവിയിലിരിക്കുന്ന വാസുവിന് സ്വർണം പൊതിഞ്ഞിരുന്ന കാര്യം അറിവുള്ളതല്ലേയെന്നും ജാഗ്രത കാട്ടേണ്ടിയിരുന്നില്ലേയെന്നും കോടതി ചോദിച്ചു. തുടർന്നാണ് സ്വർണം പൊതിഞ്ഞതിന് തെളിവില്ലെന്ന വാദം ഉന്നയിച്ചത്. ഒക്ടോബർ 23 മുതൽ റിമാൻഡിലാന്നെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും കസ്റ്റഡിയിൽ
കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടുനൽകി കോടതി. രണ്ട് ദിവസത്തേക്ക് ആണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് കസ്റ്റഡി അനുവദിച്ചത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി കസ്റ്റഡി ആവശ്യപ്പെട്ടത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി സ്വർണം കവർന്ന കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്.
ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ഇരുവരെയും ചൊവ്വാഴ്ച വൈകീട്ട് നാലിന് കോടതിയിൽ ഹാജരാക്കും. ഫേസ് ലോക്ക് ഉപയോഗിക്കുന്ന മുരാരി ബാബുവിന്റെ ഫോൺ തുറന്ന് പരിശോധിക്കുന്നത് ഉൾപ്പെടെ ഈ കസ്റ്റഡി കാലയളവിൽ പ്രത്യേക അന്വേഷണ സംഘത്തിന് പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം, കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥന്റെ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് സുധീഷ് കുമാർ ജാമ്യാപേക്ഷയിൽ വാദിച്ചത്. എന്നാൽ, ഇദ്ദേഹത്തിന് സ്വർണക്കൊള്ളയിൽ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദമുയർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

