എൻ. വാസുവിന്‍റെ അറസ്റ്റ്: പ്രതിരോധം പൊളിഞ്ഞ് സർക്കാറും സി.പി.എമ്മും
text_fieldsഎൻ. വാസു
തിരുവനന്തപുരം: പാർട്ടി നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തെത്തിയ എൻ. വാസു ശബരിമല സ്വർണക്കൊള്ള കേസിൽ അകത്തായതോടെ സി.പി.എമ്മും സർക്കാറും പ്രതിരോധത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അന്വേഷണവും അറസ്റ്റും ഇനി ആരിലേക്ക് നീങ്ങുമെന്നത് സി.പി.എമ്മും സർക്കാറും ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
ശബരിമല സ്വർണക്കവർച്ചയിൽ ഇതുവരെയുള്ള അറസ്റ്റുകളെല്ലാം ഉദ്യോഗസ്ഥരിലും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയിലും ഒതുങ്ങിയപ്പോൾ ആദ്യമായാണ് ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം നേടിയയാൾ അറസ്റ്റിലാകുന്നത്. ഹൈകോടതിയുടെ കർശന മേൽനോട്ടത്തിൽ എസ്.എ.ടി നടത്തുന്ന അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ സൂചന കൂടിയാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്, ദേവസ്വം കമീഷണർ എന്നീ നിലകളിൽ സി.പി.എമ്മിന് വേണ്ടി ബോർഡിനെ നിയന്ത്രിച്ച വ്യക്തിയാണ് വാസു. സി.പി.എം നേതാവായിരുന്ന അദ്ദേഹം കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാറില്‍ തൊഴിൽമന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. വിജിലൻസ് ട്രൈബ്യൂണൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായ അദ്ദേഹം രണ്ടുതവണ തിരുവിതാംകൂർ ദേവസ്വം കമീഷണറായി പ്രവർത്തിച്ചു. തുടർന്ന് 2019ൽ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തി. ദേവസ്വം കമീഷണറായിരുന്നയാൾ ആദ്യമായി ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തുന്നതും വാസുവിലൂടെയായിരുന്നു. സി.പി.എമ്മിന്‍റെ വിശ്വസ്തൻ എന്ന നിലയിൽ തന്നെയാണ് വാസു നീണ്ടകാലം ബോർഡിന്‍റെ തലപ്പത്തിരുന്നത്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയ 2019 ല്‍ തന്നെയാണ് എന്‍. വാസുവിന് ദേവസ്വം കമീഷണര്‍ സ്ഥാനത്തിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.
കട്ടിളപ്പടി കേസിൽ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാർ നേതൃത്വം നൽകിയ 2019ലെ ദേവസ്വം ഭരണസമിതി എട്ടാം പ്രതിയാണ്. പത്മകുമാറിലേക്ക് നടപടി നീങ്ങിയാൽ പാർട്ടിയും സർക്കാറും സമ്പൂർണ പ്രതിരോധത്തിലായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

