മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ച കേസ്; എൻ. സുബ്രഹ്മണ്യനെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു
text_fieldsഎൻ. സുബ്രഹ്മണ്യൻ, ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എ.ഐ നിർമിത ചിത്രം പങ്കുവച്ചെന്ന കേസിൽ കസ്റ്റഡിയില്‍ എടുത്ത കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം എവിടെനിന്ന് കിട്ടി എന്നതുൾപ്പെടെ പൊലീസ് ചോദിച്ചറിഞ്ഞു. ഫോണിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വിളിപ്പിക്കുന്ന മുറയ്ക്ക് ഹാജരാകണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചത്. വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ പൊലീസ്, വൈദ്യപരിശോധനക്ക് ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയത്.
കോഴിക്കോട് ചേവായൂര്‍ പൊലീസ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയില്‍ എടുത്തത്. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്. ‘പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം’ എന്ന അടിക്കുറിപ്പോടെയായിരുന്നു എൻ. സുബ്രഹ്മണ്യൻ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ക്രിസ്‌മസ് ദിനത്തിൽ ഉച്ചയോടെയാണ് പോസ്‌റ്റിട്ടത്. എന്നാല്‍, ഇതേ ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ദ്രോഹിക്കാതെ വെറുതെ വിട്ടെന്നും തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും എന്‍. സുബ്രഹ്മണ്യന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കും. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പലതും എ.ഐ നിര്‍മിതിയാക്കുകയാണ്. ഇതേ ഫോട്ടോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിനെതിരെ കേസില്ല. വിഡിയോ പങ്കുവച്ച് വാര്‍ത്ത കൊടുത്ത വാര്‍ത്താ ചാലനിന് എതിരെയും കേസില്ല. മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നിയമ നടപടികൾ നേരിടും. ജാമ്യം ലഭിക്കുമെങ്കില്‍ എടുക്കും, അല്ലെങ്കില്‍ ജയിലില്‍ പോകുമെന്നും എന്‍. സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

