മണ്ണാർക്കാട്ടുകാരുടെ എൻ. ഷംസുദ്ദീൻ മന്ത്രിസഭയിലേക്ക്
text_fieldsഅഡ്വ. എൻ. ഷംസുദ്ദീൻ ഭാര്യ റാഫിദ, മകൾ ഡോ. ഷഹർസാദ്, മരുമകൻ ഡോ. അഷ്റഫ് വാസിൽ, കൊച്ചുമകൻ ആദം ഐബക്ക് എന്നിവരോടൊപ്പം
മണ്ണാര്‍ക്കാട്: ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട്ടുകാർ നെഞ്ചേറ്റുന്ന എൻ. ഷംസുദ്ദീൻ മന്ത്രിസഭയിലെത്തുമ്പോൾ മണ്ഡലത്തിനിത് ചരിത്രമുഹൂർത്തം. നാലു തവണ തുടർച്ചയായ വിജയവും മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവും ഷംസുദ്ദീന് സ്വന്തമാണ്. സമീപ ജില്ലയായ മലപ്പുറത്തുനിന്നെത്തി മണ്ണാര്‍ക്കാടിന്റെ സ്വന്തമായി മാറുകയായിരുന്നു ഇദ്ദേഹം. വിവാദങ്ങളിലും കലഹിക്കാതെ ഒരു ചിരിയിൽ എല്ലാം ഒതുക്കുന്ന ഷംസുദ്ദീൻ ലീഗിലെ സൗമ്യ മുഖമാണ്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച് പാര്‍ലമെന്ററി രാഷ്ടീയത്തില്‍ തിളങ്ങിയ ഷംസൂദ്ദീന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. മലപ്പുറം തിരൂര്‍ പറവണ്ണയിലെ എന്‍. മുഹമ്മദ് കുട്ടി-വി.വി. മറിയക്കുട്ടി ദമ്പതികളുടെ മകനാണ്.
പറവണ്ണ ഗവ. ഹൈസ്കൂള്‍, തിരൂര്‍ തുഞ്ചന്‍ കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, കോഴിക്കോട് ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് പറവണ്ണ ഹൈസ്കൂള്‍ ലീഡര്‍, എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, നാല് തവണ കാലിക്കറ്റ് സര്‍വകലാശാല യു.യു.സി, 1991ല്‍ സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
2005ല്‍ മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതല്‍ തുടര്‍ച്ചയായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച് വരുന്നു. സംസ്ഥാന വഖഫ് ബോര്‍ഡ്, സംസ്ഥാന വൈല്‍ഡ് ലൈഫ് അഡ്വൈസറി ബോര്‍ഡ് എന്നിവയില്‍ നിയമസഭയില്‍ നിന്നുള്ള പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങള്‍ എന്നിവക്കുള്ള സബ്ജക്ട് കമ്മിറ്റികള്‍, ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി, എസ്.സി-എസ്.ടി കമ്മിറ്റി, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന നാഷനല്‍ ലെജിസ്ലേറ്റീവ് കോണ്‍ഫറന്‍സിലും മുംബൈയില്‍ നടന്ന എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ദേശീയ കോണ്‍ഫറന്‍സിലും കേരള നിയമസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്ന ഷംസുദ്ദീൻ നിയമസഭയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെ.കെ. നായര്‍ സ്മാരക ശ്രേഷ്ഠ നിയമസഭ സാമാജിക പുരസ്കാരം നേടിയിട്ടുണ്ട്. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായും ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചുവരുന്നു.
ഭാര്യ: കെ.പി. റാഫിദ. മകള്‍: ഡോ. എന്‍. ഷഹര്‍സാദ്. മരുമകന്: ഡോ. അഷറഫ് വാസില്‍ മുസ്ല്യാരകത്ത്. കൊച്ചുമകന്: ആദം ഐബക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

