എൻ. രാജേഷ് സ്മാരക പുരസ്കാരം ‘ദി വയറി’ന്
text_fieldsകോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ നേതാവുമായിരുന്ന എൻ. രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) ഏർപ്പെടുത്തിയ അഞ്ചാമത് ‘എൻ. രാജേഷ് സ്മാരക പുരസ്കാരം’ പ്രമുഖ സ്വതന്ത്ര ഓൺലൈൻ മാധ്യമ സ്ഥാപനമായ ‘ദി വയറി’ന് (The Wire).
നിർഭയവും അന്വേഷണാത്മകവുമായ മാധ്യമപ്രവർത്തനത്തിലൂടെ വേറിട്ട മാധ്യമ സംസ്കാരത്തിന് ‘ദി വയർ’ വഴി തുറന്നെന്നും അതിനുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നതെന്നും എം.ജെ.യു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് വർഷമായി പ്രവർത്തിക്കുന്ന ‘ദി വയർ’ പോർട്ടൽ മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ച വാർത്തകളെയും സംഭവങ്ങളെയും പൊതുജന ചർച്ചക്കായി തുറന്നുവെച്ചു. അതുവഴി, ഭരണകൂട വേട്ടക്കും പലകുറി ഇരയായി.
ഏറ്റവും ഒടുവിൽ, അസമിൽ ഹിമന്ത സർക്കാറിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാണിച്ചതിന്റെ പേരിൽ ‘ദി വയറി’ന്റെ സാരഥികളായ കരൺ ഥാപ്പർ ഉൾപ്പെടെയുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ അറസ്റ്റിന്റെ നിഴലിലാണ്. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും കാവലാളായി പ്രവർത്തിക്കുന്ന ഈ മാധ്യമ സ്ഥാപനത്തോടുള്ള എം.ജെ.യുവിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയാണ് പുരസ്കാരമെന്നും ഭാരവാഹികൾ പറഞ്ഞു.
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2025 ഒക്ടോബർ 21ന് (ചൊവ്വാഴ്ച) രാവിലെ പത്തിന് കോഴിക്കോട് അളകാപുരി ഹാളിൽ പുരസ്കാര ദാനം നടക്കും. ‘ദി വയറി’നുവേണ്ടി ഡയറക്ടറും സ്ഥാപക പത്രാധിപരിൽ ഒരാളുമായ എം.കെ. വേണു പുരസ്കാരം ഏറ്റുവാങ്ങും. കവിയും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണൻ ‘ഇന്ത്യൻ മാധ്യമ ലോകം-പരിണാമം, വർത്തമാനം’ എന്ന വിഷയത്തിൽ എൻ. രാജേഷ് സ്മാരക പ്രഭാഷണം നടത്തും.
മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി. റെജി, കോഴിക്കോട് പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കെ.എൻ.ഇ.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം. അബ്ദുൽ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം. ഫിറോസ് ഖാൻ, സെക്രട്ടറി സുൽഹഫ്, ട്രഷറർ എ. ബിജുനാഥ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം പി.വി. അരവിന്ദാക്ഷൻ, പുരസ്കാര സമിതി കൺവീനർ പി.പി. ജുനൂബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

