‘പാസ്പോർട്ടിന് എൻ.ഒ.സി നൽകിയില്ല; ക്രിമിനൽ മനസ്സോടെ ഉപദ്രവിക്കുന്നു’; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എൻ. പ്രശാന്ത്
text_fieldsതിരുവനന്തപുരം: തനിക്ക് പാസ്പോർട്ട് പുതുക്കാൻ ചീഫ് സെക്രട്ടറി നിരാക്ഷേപ പത്രം (എൻ.ഒ.സി) അനുവദിച്ചില്ലെന്ന ആരോപണവുമായി സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. ഇത് വെറും ബ്യൂറോക്രസിക്കളിയല്ലെന്നും വ്യക്തമായ ലക്ഷ്യത്തോടെയും ക്രിമിനൽ മനസ്സോടെയുമുള്ള ഉപദ്രവമാണെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
ലയോള സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയിൽ പങ്കെടുക്കാൻ കൊളംബോയിലേക്ക് പോകാനായാണ് പാസ്പോർട്ട് പുതുക്കേണ്ടിവന്നത്. മൂന്നുമാസം മുമ്പേ ആസൂത്രണം ചെയ്തതാണ് യാത്ര. എല്ലാ സർക്കാർ ജീവനക്കാർക്കും പാസ്പോർട്ട് പുതുക്കാൻ എൻ.ഒ.സി നിർബന്ധമാണ്. ചട്ടപ്രകാരം അപേക്ഷ നൽകിയെങ്കിലും എൻ.ഒ.സി നൽകാൻ ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ല. ഇതോടെ യാത്ര മുടങ്ങി.
എൻ.ഒ.സിക്കും ഐഡന്റിറ്റി സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ മാസങ്ങൾക്ക് മുമ്പേ നൽകിയിരുന്നു. എന്നാൽ, അപേക്ഷ കാണാനില്ലെന്ന വിവരമാണ് ആദ്യം ലഭിച്ചത്. ജൂലൈ രണ്ടിന് സഹപ്രവർത്തകനായ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മുഖേന മറ്റൊരു സെറ്റ് അപേക്ഷ കൈമാറി. അന്വേഷിച്ചപ്പോൾ അത് സെക്ഷനിലുണ്ടെന്നും പറഞ്ഞു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അതും കാണാനില്ലെന്നാണ്.
പട്ടികജാതി-പട്ടികവർഗ വികസന ഫണ്ടുകളിലെ അഴിമതി വെളിപ്പെടുത്തി ഫയൽ നോട്ട് എഴുതാൻ ധൈര്യം കാണിച്ചതിനാണ് തന്നോട് പക കാട്ടുന്നത്. രേഖകൾ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളിൽ തിരിമറി നടത്തുന്നതും കുറ്റകരമാണ്. പാർട്ട് ടൈം ഗവേഷണത്തിനായുള്ള എൻ.ഒ.സി അപേക്ഷയും ഇതേ അവസ്ഥയിലാണ്. മാർച്ച് ഒമ്പതിന് സമർപ്പിച്ച അപേക്ഷക്ക് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. തന്റെ സർവീസ് ഫയലിൽനിന്ന് പല നിർണായക രേഖകളും നീക്കംചെയ്യപ്പെട്ടുവെന്നും കേൾക്കുന്നു. താൻ ക്ഷമിക്കുന്നത് ബലഹീനതയായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ഈ ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. നീതികേടിന് മുന്നിൽ മൗനം പാലിക്കുന്നത് പോലും അനീതിയാണെന്നും പ്രശാന്ത് കൂറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

