കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണം -ജമാഅത്ത് അമീർ
text_fieldsപി. മുജീബ്റഹ്മാൻ
കോഴിക്കോട്: കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണമെന്നും കലാപമൊഴിയാത്ത മണിപ്പൂരും ഹരിയാനയും ഭാവിയിലേക്കുള്ള പാഠപുസ്തകമാണെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. തീ ആളിക്കത്തിക്കാൻ എളുപ്പമാണ്. എരിതീയിൽ എണ്ണയൊഴിക്കാനും ചിലർ മിടുക്കരാണ്. പക്ഷേ, തീയണക്കാൻ അത്ര എളുപ്പം ആർക്കും കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
കേരളത്തിലിപ്പോൾ നടക്കുന്ന മിത്ത് വിവാദം വിശ്വാസസംരക്ഷണത്തേക്കാൾ രാഷ്ട്രീയ താൽപര്യങ്ങളാൽ ഊതിക്കത്തിക്കപ്പെട്ടതാണ്. മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമൊന്നും സംവാദങ്ങൾക്കതീതമല്ല. അതെല്ലാം ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള ഉയർന്ന ജനാധിപത്യബോധമാണ് കേരളത്തിന്റെ പ്രത്യേകത. അപരൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആശയങ്ങളെ അധിക്ഷേപിക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനുമുള്ള വിശാലത ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവരും പുലർത്തണം.
കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായ സ്പീക്കർ എ.എൻ ഷംസീറിന്റെ പേരിൽ നോമ്പും നമസ്കാരവും മുണ്ടുടുക്കൽ രീതിയും മൗലൂദും കൂടാതെ ഹൂറികളും അല്ലാഹുവുമെല്ലാം ചർച്ചയിലേക്ക് വലിച്ചിഴക്കപ്പെട്ടതും യാദൃശ്ചികമല്ല. കേരളത്തിൽ ഇസ്‌ലാമോഫോബിയ പടർത്തിവിട്ട് രാഷ്ട്രീയലാഭം ലക്ഷ്യമാക്കുന്നവരെ ഇത് തിരിഞ്ഞുകുത്തും. ഇതിന്റെ ഗുണഭോക്താക്കൾ അന്തിമമായി സംഘ്പരിവാർ മാത്രമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

