എൻ. റാമിന്റെ മരണത്തിലെ ദുരൂഹത: തുമ്പൊന്നും ലഭിക്കാതെ പൊലീസ്
text_fieldsഎൻ. റാം
തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ബാലന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ. റാമിന്റെ (68) മരണത്തിൽ ദുരൂഹത. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് തുമ്പൊന്നും ലഭിക്കാതെ പൊലീസ് വലയുകയാണ്. മൊബൈൽ ഫോൺ പരിശോധനയും ശാസ്ത്രീയ പരിശോധന ഫലവും വന്നാലേ ദുരൂഹത നീങ്ങൂ. പൊലീസിന്റെയും ഫോറൻസിക് സംഘത്തിന്റെയും പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടെത്താനായിട്ടില്ലെന്നും പരിശോധന സംഘം പറയുന്നു.
ഞായറാഴ്ച രാത്രി വീട്ടുവളപ്പിലെ കിണറ്റിൽ കഴുത്തിൽ കത്തി കുത്തിയിറക്കിയനിലയിലാണ് റാമിന്റെ മൃതദേഹം കണ്ടത്. ഇദ്ദേഹം കിണറിന്റെ ഭാഗത്തേക്ക് നടന്നുപോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കിണറിന് സമീപത്തെ ദൃശ്യങ്ങൾ കാണാവുന്ന സി.സി ടി.വി കാമറ ഇല്ല. സംഭവ ദിവസം വീട്ടിൽ മറ്റാരും വന്നതായി ദൃശ്യങ്ങളിലില്ല.
ഇരുമ്പ് നെറ്റ് സ്ഥാപിച്ച കിണറ്റിലെ മൂടി തുറന്നിട്ടിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ റാം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. റാം അടുത്തകാലത്തായി മനോസമ്മർദത്തിൽ ആയിരുന്നതായാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 കാലയളവിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് എൻ. റാം നിയമിതനായത്. കെ.ജി.ഒ.എ മുൻ ജില്ല വൈസ് പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

