കണ്ണൂരിലെ വ്ലോഗർമാരുടെ അപകടമരണത്തിൽ ദുരൂഹത?ഡിഐജിയെ അന്വേഷണത്തിന് നിയോഗിച്ചു
text_fieldsവ്ലോഗർമാരായ അനൂപ്, ഷബീർ താണ
തിരുവനന്തപുരം: കണ്ണൂരിൽ രണ്ട് േവ്ലാഗർമാർ വാഹനാപകടത്തിൽ മരിച്ചതിനു പിന്നിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതിനെ തുടർന്ന് സർക്കാറിന്റെ ഇടപെടൽ.
രണ്ട് അപകടമരണങ്ങളും അന്വേഷിക്കാൻ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക്കിനെ ചുമതലപ്പെടുത്തി ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എം.എൽ.എ ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
വ്ലോഗർമാരായ അനൂപ്, ഷബീർ താണ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.
ഒക്ടോബർ 15 ന് ദേശീയപാതയിൽ ഇടക്കാട് ഊപ്പഴശിക്കാവിന് സമീപമാണ് അപകടം സംഭവിച്ചത്. അനൂപും ഷബീറും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇരുവരും ഹൈവേയിൽ നിന്ന് താഴെയുള്ള സർവിസ് റോഡിലേക്ക് വീണു മരിക്കുകയുമായിരുന്നു.
കാർ ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് നൽകിയ വിശദീകരണം. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടെയാണ് കണ്ണൂർ എം.എൽ.എയായ ടി.ഒ. മോഹനൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്.
മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടത്. അനൂപിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഷബീർ താണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പൊതുപ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയും കണ്ണൂരിലെ വിവിധ പരിപാടികളെ കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.
മരിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പാണ് അവസാനമായി ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. കണ്ണൂര്‍ ദസറയെ കുറിച്ചുള്ളതായിരുന്നു പോസ്റ്റ്.
മനസ്സറിഞ്ഞ് സന്തോഷിക്കാൻ കിട്ടുന്ന നിമിഷങ്ങളെ നമ്മൾ ഒരിക്കലും കൈവിടരുത്… അത്തരം സന്തോഷങ്ങളെ ചേർത്തുപിടിക്കുക, നെഞ്ചോട് ചേർക്കുക… ഇതുപോലെ നമ്മുടെ സ്വന്തം കണ്ണൂർ ദസറയെ നെഞ്ചോട് ചേർക്കാം!' എന്നായിരുന്നു പോസ്റ്റ്.

