കാണാതായ കുട്ടികൾ പടുതക്കുളത്തിൽ മരിച്ച നിലയിൽ
text_fieldsകുമളി: തറവാട്ടുവീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ പോയതിന് പിന്നാലെ കാണാതായ സഹോദരങ്ങളെ പടുതക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമളി, ആനക്കുഴി എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്-ഇസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), സഹോദരി ലക്ഷ്മിപ്രിയ (ആറ്) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ഇസക്കിയമ്മയുടെ തറവാട്ടുവീട്ടിൽ ഇരുവരും ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ ശേഷം ഇസക്കിയമ്മയുടെ അമ്മ സരസ്വതി തേയിലത്തോട്ടത്തിൽ പണിക്കുപോയി.
ഭക്ഷണം കഴിച്ചശേഷം കുട്ടികൾ തിരികെ അമ്മയുടെ അടുത്തേക്ക് പോകാറാണ് പതിവ്. എന്നാൽ, വൈകീട്ടും കുട്ടികൾ തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശമാകെ തിരഞ്ഞിട്ടും കാണാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹെൻറ നേതൃത്വത്തിൽ കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, സ്റ്റേഷനുകളിലെ പൊലീസുകാർ നേരം പുലരുംവരെ തിരച്ചിൽ നടത്തി. ഒടുവിലാണ് ഏലത്തോട്ടത്തിന് നടുവിലെ പടുതക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ അഴിച്ചുെവച്ച നിലയിൽ കണ്ടത്. തറവാട്ടുവീട്ടിൽനിന്ന് അരക്കിലോമീറ്ററോളം അകലെ ഏറെ താഴെയായാണ് പടുതക്കുളം.
10 അടിയോളം ആഴമുള്ള കുളം മൂടിക്കെട്ടി സുരക്ഷിതമാക്കിയ നിലയിലായിരുന്നു. ഇതിെൻറ ഒരു ഭാഗത്തെ നെറ്റ് നീക്കി ഇതിനുള്ളിലൂടെ കുട്ടികൾ കുളത്തിൽ നീന്താനിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ മുങ്ങിത്താഴ്ന്ന് മരണം സംഭവിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുകയാണ്. മരണത്തിൽ സംശയം ആരോപിച്ച് ഇസക്കിയമ്മയുടെ പിതാവ് രാജനും അനീഷിെൻറ പിതാവ് മോനച്ചനും പരാതിപ്പെട്ടതിനെ തുടർന്ന് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 11ന് എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിക്കും. ഡൈമുക്ക് ലൂദറൺ എൽ.പി സ്കൂളിലെ രണ്ട്, നാല് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം.

കുട്ടികളുടെ മരണം: സംശയങ്ങൾ നിറച്ച് പടുതക്കുളം
കുമളി: ആനക്കുഴിയിലെ പടുതക്കുളം രണ്ട് കുരുന്നുകളുടെ ജീവൻ കവർന്ന സംഭവത്തിൽ ദുരൂഹത. മുകൾവശംവരെ മൂടി അടച്ചുകെട്ടിയിരുന്ന പടുതക്കുളത്തിൽ എങ്ങനെ കുട്ടികൾ ഇറങ്ങിയെന്നതാണ് ആദ്യ സംശയം. താമസസ്ഥലത്തുനിന്ന് ഏറെമാറി ഒറ്റപ്പെട്ട സ്ഥലത്തുള്ള കുളത്തിലേക്ക് കുട്ടികൾ എന്തിനു പോയെന്ന ചോദ്യവും ഉയരുന്നു. ഏറെ സുരക്ഷിതമായി കുളിക്കാൻ ഇതിനു സമീപം മഴവെള്ളം നിറഞ്ഞ ഏറെ ആഴമില്ലാത്ത ചെറിയ കുളം ഉള്ളപ്പോൾ വലകെട്ടി മൂടിയിട്ടിരുന്ന പടുതക്കുളം കുട്ടികൾ തിരഞ്ഞെടുത്തതാണ് സംശയം വർധിപ്പിക്കുന്നത്. മൂടിയിരുന്ന വലയും കമ്പിയും മാറ്റി വേണം കുളത്തിലേക്ക് ചാടാൻ. കുട്ടികളുടെ വസ്ത്രം കണ്ടെത്തിയതിനു സമീപം കുളത്തിെൻറ ഒരു ഭാഗത്തെ വലയും കമ്പിയും നീക്കിയ നിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വലയും കമ്പിയും പൊലീസും നാട്ടുകാരും ചേർന്ന് പിന്നീട് നീക്കിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുരുന്നുകളുടെ വേർപാടിൽ വിതുമ്പി ആനക്കുഴി ഗ്രാമം; സംശയങ്ങളുമായി നാട്ടുകാരും
കുമളി: ഓടിക്കളിച്ചുനടന്ന കുരുന്നുകൾ ജീവനറ്റ് കൺമുന്നിലെത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പടുതക്കുളത്തിൽനിന്ന് കണ്ടെടുത്ത കുട്ടികളെ നോക്കി ഒരു ഗ്രാമമാകെ വിതുമ്പി. വെള്ളിയാഴ്ച ഉച്ചമുതൽ ആനക്കുഴി ഗ്രാമം കുട്ടികൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഇടുക്കി ജില്ല പൊലീസ് മേധാവി വേണുഗോപാൽ രാത്രി സ്ഥലത്തെത്തി പൊലീസും നാട്ടുകാരെയും ചേർത്ത് വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.
ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ നേരം പുലരുവോളം തിരച്ചിൽ തുടർന്നു. ഒടുവിൽ തണുത്തുറഞ്ഞ് വിറങ്ങലിച്ച മൃതദേഹങ്ങൾ ഏലത്തോട്ടത്തിലെ കുളത്തിൽനിന്ന് കണ്ടെടുക്കുമ്പോൾ ഏവരും വീർപ്പടക്കിനിന്നു. ഇസക്കിയമ്മയുമായി പിണങ്ങി 10 മാസത്തിലധികമായി ഭർത്താവ് അനീഷ് ബന്ധുവീട്ടിലാണ് താമസം. മാതാപിതാക്കളുടെ കലഹത്തിനിടെ കുട്ടികൾക്ക് ഏക ആശ്രയം തറവാട്ടുവീട്ടിലെ അമ്മയുടെ പിതാവ് രാജനും മാതാവ് സരസ്വതിയുമായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഇരുവർക്കും പേരക്കുട്ടികൾ ഏറെ പ്രിയപ്പെട്ടവരായിരുന്നു. പതിവുപോലെ ഉച്ചക്ക് ജോലി നിർത്തി ഭക്ഷണത്തിനു പോകുമ്പോഴാണ് സരസ്വതി, കുട്ടികെളയും ഒപ്പം കൂട്ടിയത്. കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടാണ് ഇവർ ഉച്ചകഴിഞ്ഞ് ജോലിക്ക് പോയത്.
പോകുംവഴി വീട്ടിലേക്ക് വരുകയായിരുന്ന ഭർത്താവ് രാജനോട് കുട്ടികൾ വീട്ടിലുണ്ടെന്ന് പറയുകയും ചെയ്തു. രാജൻ വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഭക്ഷണം കഴിഞ്ഞ് പുറത്തേക്ക് പോയിരുന്നു. ജോലിയുടെ ക്ഷീണം കാരണം കിടന്നുറങ്ങിയ രാജൻ ഉണർന്നത് കുട്ടികളെ കാണാനിെല്ലന്ന നിലവിളികൾക്കിടയിലേക്കാണ്. പൊലീസിനും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം കാടും മലയും കയറിയിറങ്ങി തിരച്ചിലിനൊടുവിൽ തിരികെ വരാത്ത അകലത്തേക്ക് കുരുന്നുകൾ പോയി മറഞ്ഞതിെൻറ നടുക്കത്തിലാണ് രാജനും സരസ്വതിയും. തറവാട്ടുവീട്ടിൽനിന്ന് ഏറെ അകലെ യേശുദാസ് എന്നയാളുടെ ഉടമസ്ഥതയിലെ ഏലത്തോട്ടത്തിലെ കുളത്തിൽ കുട്ടികൾ എങ്ങനെയെത്തിയെന്ന് നാട്ടുകാർക്കൊപ്പം സംശയം പങ്കുവെക്കുകയാണ് രാജനും മറ്റുള്ളവരും.
കുട്ടികളുടെ മരണത്തിൽ അസ്വാഭാവികത: അന്വേഷിക്കണം -മുത്തച്ഛൻ
കുമളി: സ്വകാര്യ വ്യക്തിയുടെ പടുതക്കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുട്ടികളുടെ അച്ഛൻ അനീഷിെൻറ പിതാവ് മോനച്ചൻ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശത്തുള്ള പടുതക്കുളത്തിലേക്ക് കുട്ടികൾ എങ്ങനെ എത്തിച്ചേർന്നു എന്നത് സംശയം വർധിപ്പിക്കുന്നു. കുട്ടികൾ തനിയെ ഇവിടേക്ക് വരില്ലന്നും സംഭവത്തിനു പിന്നിൽ ഏറെ സംശയങ്ങളുള്ളതായും മോനച്ചൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
