മകളുടെ ദുരൂഹ മരണം: ശരീരം തളർന്ന പിതാവിന്റെ വേദന കാണാതെ പൊലീസ്
text_fieldsകിടപ്പിലായ ഉമ്മർകുട്ടിയും സമീപത്ത് ഭാര്യ സുനിതയും. ഇൻസെറ്റിൽ മരിച്ച ഉമൈറ
പന്തളം: മകളുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യവുമായി ശരീരം തളർന്ന പിതാവ് നൽകിയ പരാതി പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം. പന്തളം കടയ്ക്കാട് സൽമ മൻസിലിൽ വാടകക്ക് താമസിക്കുന്ന ഉമ്മർകുട്ടി- സുനിത ദമ്പതികളുടെ ഏകമകൾ ഉമൈറയുടെ (21) ദുരൂഹ മരണം അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2021 ജൂലൈ 15നാണ് മകളുടെ വിവാഹം നടന്നത്.
തർക്കങ്ങളെ തുടർന്ന് മകൾ കുറച്ചുനാൾ പന്തളത്തെ വീട്ടിലായിരുന്നു. പിന്നീട് മടങ്ങിയതായും മാതാവ് സുനിത പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ഭർത്താവ് ഷംനാദിന്റെ വീടായ കായംകുളം കുറ്റിത്തെരുവ് പുള്ളിക്കണക്ക് റഷീദ മൻസിൽ വീട്ടിലാണ് യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഭർത്താവ് മകളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണെന്നും ഉമൈറയുടെ മാതാവ് സുനിത പറഞ്ഞു. മകളുടെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെപ്പോലും ഭർതൃവീട്ടുകാർ കാണിച്ചില്ല. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വീട്ടിൽ വഴക്കുണ്ടായപ്പോൾ ഉമൈറ കായംകുളം പൊലീസിന്റെ സഹായം തേടിയിരുന്നുവെന്നും വീട്ടിലെത്തി പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും മാതാവ് പറഞ്ഞു.
എറണാകുളം കലൂർ സ്വദേശിയായ ഉമ്മർകുട്ടി 25 വർഷം മുമ്പാണ് പന്തളത്തെത്തിയത് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കഴിഞ്ഞു വരുകയായിരുന്നു. നാലുവർഷം മുമ്പ് ശരീരം തളർന്ന് കിടപ്പിലായി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കായംകുളം പൊലീസിൽ പരാതി നൽകിയ കുടുംബം നീതി പ്രതീക്ഷിച്ചു കഴിയുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കായംകുളം എസ്.എച്ച്.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

