ഭർതൃവീട്ടിൽ യുവതിയുടെ ദുരൂഹ മരണം: ഒളിവിൽ പോയ പുരുഷ സുഹൃത്തിനായി അന്വേഷണം ഊർജിതം
text_fieldsസവിത
കായംകുളം: ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ പുരുഷ സുഹൃത്തിനായി അന്വേഷണം ഊർജിതമായി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്‍റെ ഭാര്യ സവിത (24) മരിച്ച സംഭവത്തിൽ മണപ്പള്ളി സ്വദേശി പ്രവീണാണ് (25) ഒളിവിൽ പോയത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലായിരുന്നു സംഭവം. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, സവിത കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രവീൺ സ്ഥലത്തുണ്ടായിരുന്നതായി സതീഷിന്‍റെ മാതാവും പരിസരവാസികളുമാണ് മൊഴി നൽകിയത്. മരണം നടന്നതായി വ്യക്തമായതോടെയാണ് ഇയാൾ സംഭവ സ്ഥലത്തുനിന്നും മുങ്ങിയത്.
ഫോണിലൂടെ ആത്മഹത്യ ഭീഷണി മുഴക്കിയാണ് പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതത്രെ. തുടർന്ന് കിടപ്പുമുറിയിൽ ഒപ്പമുണ്ടായിരുന്ന സതീശിന്‍റെ സഹോദരി പുത്രിയെയും കൂട്ടി പുറത്തിറങ്ങി പ്രവീണുമായി സംസാരിച്ചു. ഇതിനിടെയുണ്ടായ പ്രകോപനമാണ് മുറിയിൽ കയറി കതകടച്ച് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രവീണിനെ കിട്ടിയാൽ മാത്രമെ യഥാർത്ഥ വിവരങ്ങൾ അറിയാനാകൂവെന്ന് സി.ഐ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു. മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലായത്. ബന്ധം സംബന്ധിച്ച് തർക്കം ഉടലെടുത്തതോടെ സ്ഥാപനത്തിൽനിന്നും ഒഴിവാക്കുകയായിരുന്നു.
അതേസമയം, മകളുടെ മരണം സംബന്ധിച്ച് പുറത്തുവരുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സവിതയുടെ മാതാപിതാക്കളായ കരീലകുളങ്ങര ആലഞ്ചേരിയിൽ സജുവും ഉഷയും പറഞ്ഞു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പനി ബാധിതയായിരുന്ന മകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

