മലയാളി ചെക്കന് മ്യാന്മർകാരി വധു; വേങ്ങേരിമഠം സ്വദേശി സച്ചിൻ മുരളിയാണ് മ്യാന്മർ സ്വദേശിയെ വിവാഹം ചെയ്യുന്നത്
text_fieldsചാത്തമംഗലം: മലയാളി യുവാവിന് മ്യാന്മറിൽനിന്നുള്ള യുവതി വധുവാകുന്നു. ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ വേങ്ങേരിമഠം ഗോകുലത്തിൽ റിട്ട. ജില്ല ലോട്ടറി ഓഫിസർ പി.സി. മുരളീധരന്റെയും ലോട്ടറീസിൽനിന്ന് സൂപ്രണ്ടായി വിരമിച്ച ജ്യോതിയുടെയും മകൻ സച്ചിൻ മുരളിക്കാണ് മ്യാന്മറിൽനിന്ന് ജീവിത സഖി. മ്യാന്മർ യാംഗോൻ നോർത്ത് ഡഗോൺ ടൗൺഷിപ്പിലെ നെയ് ലിന്റെയും ഡോ. ന്യോ ന്യോ വിന്നിന്റെയും മകൾ ഷിൻ നെയ് ലിനാണ് വധു. ബുധനാഴ്ച രാവിലെ 10നും 11നുമിടയിലുള്ള മുഹൂർത്തത്തിൽ എരഞ്ഞിപ്പാലം ആശിർവാദ് ലോൺസിൽ നടക്കുന്ന ചടങ്ങിൽ സച്ചിൻ മുരളി താലി ചാർത്തും.
അയർലൻഡിലെ കോർക് യൂനിവേഴ്സിറ്റി കോളജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ ഇവർ സഹപാഠികളായിരുന്നു. പഠനം പൂർത്തിയായശേഷം ഐയർലൻഡിലെ അത്ലോണിൽ എറിക്സൻ ടെലികോം സോഫറ്റ് വെയറിൽ ഇരുവരും സോഫ്റ്റ് വെയർ ഡെവലപ്പേഴ്സായി. 2017 സെപ്റ്റംബറിൽ സച്ചിൻ മുരളിയും 2018 ജനുവരിയിൽ ഷിൻ നെയ് ലിനും ഇവിടെ ജോലിക്കുകയറി. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. തുടർന്ന് സച്ചിൻ മുരളി ഡബ്ലിനിലെ ആമസോൺ വെബ് സർവിസിലേക്ക് മാറിയെങ്കിലും ബന്ധം തുടർന്നു. നിലവിൽ അയർലൻഡിലെ ടുലമോറിലാണ് ഇരുവരും താമസിക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കാനായി യുവതിയുടെ ബന്ധുക്കൾ തിങ്കളാഴ്ച രാത്രി കോഴിക്കോട്ട് എത്തി. ജൂലൈ 26ന് മ്യാൻമറിൽ അവിടത്തെ ആചാരപ്രകാരം ചടങ്ങുകൾ നടക്കും. ഇതിനായി ഇരുവരും ജൂലൈ 24ന് മ്യാൻമറിലേക്ക് പോകും.