‘എന്റെ ശമ്പളം മാസം 1.07 ലക്ഷം രൂപ, പിന്നീടാണ് 3.25 ലക്ഷം ആയിരുന്നു എന്നറിയുന്നത്’; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ മുന്നിലുള്ളൂയെന്നും നിർണായക തെളിവുകൾ പുറത്തുവിടുമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയൻ വ്യാജ കേസുകളുണ്ടാക്കി തന്‍റെ ജീവിതം തകർത്തതായും സ്വപ്ന സുരേഷ് ആരോപിച്ചു. ഇന്ന് കഴിഞ്ഞാൽ ബോംബുകൾ പൊട്ടുമോ ഗുണ്ടകൾ വരുമോ എന്ന് കണ്ടറിയാം. ശരത്ത് ഇപ്പോൾ എന്റെ ഒഫീഷ്യൽ ഹസ്ബൻഡ് ആയതിനാൽ പൊക്കികൊണ്ടു പോകുമോ എന്ന് ദൈവത്തിന് അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
‘കെഎസ്ഐടിഐഎല്ലിൽ മാർക്കറ്റിങ് ലെയ്സൺ ഓഫിസർ ആയിരിക്കെ എനിക്ക് 1.07 ലക്ഷം രൂപയായിരുന്നു സാലറി തന്നത്. വിവാദം ഒക്കെ ആയിക്കഴിഞ്ഞപ്പോഴാണ് എന്റെ ശമ്പളം മൂന്നേകാൽ ലക്ഷം ആയിരുന്നു എന്ന് ഞാൻ അറിയുന്നത്. ബാക്കി പൈസ ആര് കൊണ്ടുപോയെന്ന് എനിക്കറിയില്ല.
കെഎസ്ഐടിഐഎല്ലിൽ ജോലി കിട്ടാൻ വ്യാജരേഖകൾ ഒന്നും ഞാൻ അവിടെ കൊടുത്തിട്ടില്ല. ഞാൻ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ സൗത്ത് ഇന്ത്യ സെക്രട്ടറി ആയിരുന്നു. അത്രയും പവർഫുൾ പൊസിഷനിൽ ഇരിക്കുന്ന ഒരു വ്യക്തിക്ക് പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുത്തിട്ട് ശിവശങ്കർ സാറിനെ കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് പറയിക്കേണ്ട ആവശ്യമില്ല. എനിക്കവിടെ ഇന്റർവ്യൂ പോലും ഇല്ലായിരുന്നു.
ഞാൻ ഒരു ഡോക്യുമെന്റും കൊടുത്തല്ല ജോലിക്ക് കയറിയത്. മുഖ്യമന്ത്രിയുടെ (പിണറായി വിജയൻ) പേഴ്സണൽ ഇഷ്ടമായിരുന്നു. ഒരുപാട് അന്താരാഷ്ട്ര സംഘടനകളുമായി എനിക്ക് ഒരുപാട് നെഗോഷ്യേറ്റ് ചെയ്യാൻ പറ്റും. കേരളത്തിൽ കുറെ പദ്ധതികൾ നടപ്പിലാക്കാൻ എനിക്ക് പറ്റുമെന്നുള്ള വിശ്വാസമുള്ളത് കൊണ്ട് മാത്രമാണ് ആ ജോലി എനിക്ക് നൽകിയത്.
എന്റെ കേസ് ഫയൽ ആരെങ്കിലും തുറന്നു നോക്കി അന്വേഷണം നടത്തി ഇവരെയൊക്കെ ചോദ്യം ചെയ്താലല്ലേ ഈന്തപ്പന ഉണ്ടോ അല്ലെങ്കിൽ മാമ്പഴം ഉണ്ടോ എന്നൊക്കെ പറയാൻ പറ്റത്തുള്ളൂ. ഇപ്പോഴല്ലേ അവർക്ക് (പിണറായിക്ക്) ശരിക്കും ഭയം തുടങ്ങിയത്. എന്റെ മടിയിൽ കനമില്ല കൈ ശുദ്ധമാണ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ എല്ലാം തീരുമെന്നാണോ?. നിങ്ങളെയൊക്കെ കാണുമ്പോൾ ഭയങ്കര അറഗന്റ് ആയിട്ട് സംസാരിക്കുന്നതും ഏതെങ്കിലും ഒരു സൈക്കോളജിസ്റ്റിനെ വെച്ച് പെരുമാറ്റം പരിശോധിച്ചാൽ ആ നെഞ്ചിടുപ്പ് വളരെ കൂടുതലാണ് എന്ന് മനസ്സിലാകും. ഭയം മുഖത്തും കണ്ണിലും ഉണ്ടെന്നുള്ളത് കാണാം. അല്ലാതെ ചുമ്മാ ഈ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല. ലാവലിൻ മുതൽ സിഎംആർഎൽ വരെ ഇത്രയൊക്കെ ആരോപണങ്ങൾ ഉണ്ടെങ്കിൽ അതിന്റെ അർത്ഥം എന്താ?
ഈ ഒരു മുഖ്യമന്ത്രി മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ? ഈ ഒരു കുടുംബത്തെ മാത്രമേ എല്ലാവരും തകർക്കാൻ വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്നുള്ളൂ? അതിന്റെ അർത്ഥം എന്താ? തീയില്ലാതെ പുകയുണ്ടാവില്ലെന്ന് ആദ്യം എല്ലാവരും മനസ്സിലാക്കുക. ഒന്നുമില്ലാതെ ഒരാളെ, ഒരു കുടുംബത്തിനെ മാത്രം എല്ലാവരും ഒരുപോലെ ടാർഗറ്റ് ചെയ്ത് ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി കേസ് വരുമോ?. നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയിട്ടുണ്ട്. ഇനിയിപ്പോ ആ ചെമ്പ് എനിക്ക് തരാൻ പറ്റില്ല. കാരണം അത് ക്ലിഫ് ഹൗസിൽ പോയി. പിന്നെ വേറെ ആരും കണ്ടിട്ടില്ല. അന്വേഷണം നടക്കുമ്പോഴേക്കും ചെമ്പിന്റെ കാര്യം അറിയാൻ പറ്റും. പിന്നെ അവിടുത്തെ സിസിടിവി ഒക്കെ നശിച്ചില്ലേ. അതുകൊണ്ട് പിന്നെ അതിനെക്കുറിച്ച് എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ ചെമ്പ് പോയിട്ടുണ്ട് -സ്വപ്ന സുരേഷ് പറഞ്ഞു.
പിണറായിയുടെ അഴിമതിക്കാലത്തെക്കുറിച്ച് ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത് താനാണെന്നും സ്വപ്ന പറഞ്ഞു. കേസിലെ സത്യം പുറത്തുവരാൻ താൻ പോരാടും. പിണറായിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഓഫിസിൽ നിവേദനം നൽകിയതായി അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യു.എ.ഇയിലും ബിസിനസ് സംരംഭങ്ങളുണ്ട്. ചികിത്സക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനാണ്. സ്വർണക്കടത്ത്, ഡോളർ കടത്ത്, കെ-ഫോൺ, കെ-റെയിൽ, സി.എം.ആർ.എൽ-എക്സാലോജിക് തുടങ്ങി എല്ലാ അഴിമതികളിലെയും പ്രവർത്തന രീതി സമാനമാണ്. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ തനിക്ക് ഫോൺ നൽകി ഭീഷണിപ്പെടുത്തി പിണറായിയുടെയും ശിവശങ്കറിന്‍റെയും പേര് പറയിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. അതേ രീതിയാണ് മുൻമന്ത്രി റിയാസിന്റെ സുഹൃത്തിന്‍റെ കാര്യത്തിലും ആവർത്തിച്ചത്.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങളുണ്ടായാൽ ശിവശങ്കർ നൽകിയ രേഖകളും തെളിവുകളും ശബ്ദസന്ദേശങ്ങളും പുറത്തുവിടും. നിലവിൽ കേസും 164 മൊഴിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവ പുറത്തുവരുന്നതോടെ മുൻ മുഖ്യമന്ത്രിയും കുടുംബവും നേരിട്ട് പ്രതിക്കൂട്ടിലാകുന്ന പല കാര്യങ്ങളും വെളിപ്പെടും. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

