എന്റെ മഹാഗുരുനാഥൻ-എ.കെ. ആന്റണി
text_fieldsantoney
സാനു മാഷിന്റെ നിര്യാണത്തിലൂടെ എന്റെ ഏറ്റവും വലിയ ഗുരുനാഥനെയാണ് നഷ്ടപ്പെട്ടത്. ഗുരുവല്ല, മഹാഗുരുനാഥനാണ് എന്നെ സംബന്ധിച്ച് അദ്ദേഹം. 1958ൽ ഞാൻ ചേർത്തല ഹൈസ്കൂളിൽ പഠിക്കുമ്പോൾ ശ്രീനാരായണ മഹാസമാധി ദിനം ഉദ്ഘാടനം ചെയ്യാൻ മാഷ് വന്നപ്പോഴാണ് ആദ്യം പരിചയപ്പെടുന്നത്. അന്നുമുതൽ തുടങ്ങിയ ബന്ധം അവസാന നാളുകൾ വരെയും നീണ്ടു. കഴിഞ്ഞ മാസവും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.
മഹാരാജാസ് കോളജിൽ എല്ലാ വിദ്യാർഥികളും ആദരിച്ചിരുന്ന അധ്യാപകനായിരുന്നു അദ്ദേഹം. എറണാകുളം പോലുള്ള ഒരു കോൺഗ്രസ് കോട്ടയിൽ അദ്ദേഹം ഇടതു സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ രാഷ്ട്രീയം മറന്ന് ആളുകൾ വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. ഇത്രയേറെ ശിഷ്യ സമ്പത്തും സൗഹൃദ വലയവുമുള്ള മറ്റൊരു സാംസ്കാരിക നേതാവും അധ്യാപകനും ഉണ്ടായിട്ടില്ല. മാഷ് വയലാർ രാമവർമ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.
നിരവധി തവണ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. എപ്പോഴും നല്ല സൗഹാർദത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. ഒരിക്കൽപോലും എന്നെ ശാസിച്ചിട്ടില്ല. ചിലയവസരങ്ങളിൽ വിളിക്കുമ്പോൾ അദ്ദേഹം യാത്രയിലായിരിക്കും. തിരികെവന്നാൽ ഉടൻ തിരിച്ചുവിളിക്കും. കഴിഞ്ഞ തവണ ജന്മദിനാശംസ നേരാൻ വിളിച്ചപ്പോൾ അദ്ദേഹം യാത്രയിലായിരുന്നു. ‘ആരോഗ്യം ഇങ്ങനെയായിരിക്കെ മാഷ് ഇങ്ങനെ സഞ്ചരിക്കാമോ’ എന്ന് ഞാൻ സ്നേഹത്തോടെ ചോദിച്ചു. ‘‘ഈ യാത്രയാണ് എന്റെ ആരോഗ്യം’ എന്നായിരുന്നു മറുപടി. ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും മാഷ് പ്രസംഗിക്കാൻ എഴുന്നേറ്റാൽ മഹാരാജാസ് കോളജിലെ പഴയ അധ്യാപകനായി മാറും. സദസ്സിനെ മുഴുവൻ പിടിച്ചിരുത്തുന്ന ഗഹനമായ പ്രസംഗമാകും പിന്നീട്.
അദ്ദേഹത്തോട് സംസാരിക്കുമ്പോൾ തന്നെ പോസിറ്റീവ് എനർജി ലഭിക്കും. ഒന്നിനോടും ‘നോ’ പറയാൻ കഴിയുമായിരുന്നില്ല. ആര് പരിപാടിക്ക് വിളിച്ചാലും ആരോഗ്യം നോക്കാതെ പോകും. സാനു മാഷിനോട് ആർക്കും പിണങ്ങാനും സാധ്യമല്ല. അദ്ദേഹം ഒരു ഊർജ സ്രോതസ്സ് തന്നെ ആയിരുന്നു. ഗുരുദേവ ദർശനത്തിൽ അഗാധ ജ്ഞാനമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിച്ചിരുന്നില്ല. മരിക്കുന്നതുവരെ കർമനിരതനായിരുന്നു. അത് അദ്ദേഹത്തിന്റെ ആഗ്രഹവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

