വ്യാജ സന്ദേശങ്ങളിൽ വീഴരുത്: ട്രാഫിക് പിഴയുടെ പേരിലുള്ള തട്ടിപ്പിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ജാഗ്രതാ നിർദേശം
text_fieldsതിരുവനന്തപുരം: പിഴയടക്കണമെന്ന് കാണിച്ച് വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ജാഗ്രതാ നിർദേശം. സാമ്പത്തിക തട്ടിപ്പുകാർ തയാറാക്കുന്ന കെണികളിൽ പെടാതിരിക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ച് പിഴ പരിശോധിക്കാനും അടയ്ക്കാനും വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
രാജ്യത്ത് ട്രാഫിക് ചലാനുകൾ തയാറാക്കുന്നതും പിഴ ഈടാക്കുന്നതും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ്. നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും രീതിയിലുള്ള പിഴ നിലവിലുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ echallan.parivahan.gov.in മാത്രം ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് എവിടെ വെച്ച് നിങ്ങളുടെ വാഹനത്തിന് ചലാൻ ലഭിച്ചിട്ടുണ്ടെങ്കിലും ഈ വെബ്‌സൈറ്റിൽ വാഹന നമ്പറോ ചലാൻ നമ്പറോ നൽകിയാൽ അതിന്റെ വിശദാംശങ്ങൾ അറിയാനും സുരക്ഷിതമായി പണം അടയ്ക്കാനും സാധിക്കും.
ഓൺലൈൻ വഴി സ്വയം പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളോ മറ്റു ഡിജിറ്റൽ സേവന കേന്ദ്രങ്ങളോ വഴി പിഴ അടയ്ക്കാവുന്നതാണ്. കോടതി നടപടികളിലേക്ക് മാറ്റിയിട്ടുള്ള ചലാനുകളുടെ കാര്യത്തിൽ, ചലാൻ നൽകിയ ബന്ധപ്പെട്ട ആർ.ടി. ഓഫിസുമായോ പൊലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശികുന്നു. പൊലീസിന്‍റെയോ മോട്ടോർ വാഹന വകുപ്പിന്‍റെയോ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

