Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോട്ടോർ വാഹന വകുപ്പ്; ഓൺലൈൻ സേവനങ്ങളിൽ ഇടങ്കോൽ നീക്കം

text_fields
bookmark_border
മോട്ടോർ വാഹന വകുപ്പ്; ഓൺലൈൻ സേവനങ്ങളിൽ ഇടങ്കോൽ നീക്കം
cancel

തിരുവനന്തപുരം: മോട്ടോർ വകുപ്പ് സേവനങ്ങൾ പൂർണമായും ആധാർ അധിഷ്ഠിതമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടപടികൾ തുരങ്കം വെക്കാനുള്ള നീക്കങ്ങളും സജീവം. ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ സേവനങ്ങളിൽ ചട്ടപ്പടിയും ചവിട്ടിപ്പിടുത്തവും തുടരുന്നുവെന്ന് മാത്രമല്ല, നേരിട്ടെത്തുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കൃത്യമായ സൂചനയും നൽകുകയാണ്.

ഇ-സൈൻ ഉള്ള അപേക്ഷകളിൽ പോലും ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഫയൽ തടഞ്ഞുവെക്കുന്ന പ്രവണത വ്യാപകമാണ്. അപേക്ഷകന്റെ ആധാർ ഒ.ടി.പി സ്ഥിരീകരിച്ച് സിസ്റ്റം സ്വമേധയാ ഇ-സൈൻ നൽകും വിധമാണ് ഓൺലൈൻ അപേക്ഷകളിലെ ക്രമീകരണം. ഇത്തരം അപേക്ഷകളാണ് ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഓഫീസുകളിൽ തടഞ്ഞുവെക്കുന്നത്. അപേക്ഷകൾ അഞ്ച് ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് നിർദേശമെങ്കിലും ഓൺലൈൻ വഴി നൽകുന്ന അപേക്ഷകൾ 15 ദിവസം കഴിഞ്ഞാലും തീർപ്പാക്കാത്ത സ്ഥിതിയുമുണ്ട്.

ഓഫീസുകളിൽ നേരിട്ടെത്തുന്ന അപേക്ഷകളിൽ ക്ലർക്ക് ഇൻവേഡ് ചെയ്യുകയും സൂപ്രണ്ട് വെരിഫൈ ചെയ്യുകയും ആർ.ടി.ഒ അപ്രൂവ് ചെയ്യുകയും വേണമെന്ന മൂന്ന് തട്ട് നടപടികളാണ് മോട്ടോർവാഹന വകുപ്പ് ഓഫീസുകളിലുള്ളത്. എന്നാൽ ഓൺലൈൻ അപേക്ഷകൾ ഓട്ടോ ഇൻവേഡ് ആകുമെന്നതിനാൽ സൂപ്രണ്ടിന്റെയും ആർ.ടി.ഒയുടെയും രണ്ട് തട്ട് നടപടികളേ വേണ്ടതുള്ളൂ. ഇത്തരത്തിൽ നടപടിക്രമങ്ങൾ താരതമ്യേന കുറവുള്ള ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കാൻ രണ്ടാഴ്ചയും അതിലേറെയും സമയമെടുക്കുമ്പോൾ നേരിട്ടെത്തുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ ഏറെയാണെങ്കിലും രണ്ടും മൂന്നും ദിവസം കൊണ്ട് തീർപ്പാക്കി നൽകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആധാർ അധിഷ്ഠിത സംവിധാനം നിലവിൽ വരുന്ന ഈ മാസം 21 മുതൽ ഓഫീസുകളിൽ അപേക്ഷ നേരിട്ടെത്തില്ലെങ്കിലും ഓൺലൈൻ അപേക്ഷകളാണെങ്കിൽ അനിശ്ചിതമായി വൈകുമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. മാത്രമല്ല, കൈമടക്കിന് സാധ്യതയില്ലാത്ത ഓൺലൈൻ അപേക്ഷകൾ മാത്രമെത്തുന്ന ദിവസം മുതൽ ചട്ടപ്പടി ജോലിക്കുള്ള നീക്കവുമുണ്ട്.

നിലവിൽ ഓൺലൈൻ സംവിധാനമേർപ്പെടുത്തിയ ഉടമസ്ഥാവകാശം മാറ്റലിലും വലിയ പോരായ്മകൾ നിലനിൽക്കുകയാണ്. ഉദാഹരണത്തിന് എറണാകുളം ആർ.ടി.ഒ പരിധിയിലുള്ള വാഹനം തിരുവനന്തപുരം ആർ.ടി.ഒ പരിധിയിലേക്ക് മാറ്റുന്ന ഘട്ടങ്ങളിൽ ആർ.സിയിൽ വിലാസം മാറുമെങ്കിലും വാഹനത്തിന്റെ ഡേറ്റ എറണാകുളം ഓഫീസിൽ തന്നെ തുടരുകയാണ്. പിന്നീട് വാഹനം നേരിട്ട് ഹാജരാക്കേണ്ടി വരുന്ന ഘട്ടങ്ങളിൽ എറണാകുളത്ത് കൊണ്ടുപോകേണ്ടി വരും. അല്ലെങ്കിൽ ഇടനിലക്കാരനെ ആശ്രയിച്ച് വാഹന ഡേറ്റ തിരുവനന്തപുരത്തേക്ക് മാറ്റണം. ഉടമസ്ഥാവകാശം മാറുന്ന ഘട്ടത്തിൽ വാഹന ഡേറ്റ കൂടി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് മാറിയാൽ ഈ പ്രശ്നം ഒഴിവാക്കാനാകും.

ഇത്തരത്തിൽ വെബ്സൈറ്റിലെ പരിമിതികളും ഒപ്പം ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ബോധപൂർവമുള്ള ഇടങ്കോലുകളും സമ്പൂർണ ഓൺലൈൻ സേവന സംവിധാനതെത എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം. മുമ്പ് ഇത്തരം ഓൺലൈൻ നീക്കങ്ങൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ വിശേഷിച്ചും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MVD Removes Online Service Hurdles
Next Story