‘പ്രകൃതി അങ്ങനെയും ചിലരെ നിയോഗിക്കും’; സ്വരാജ് ഭാവിയിൽ കേരളത്തിന്റെ നായകനെന്ന് നികേഷ് കുമാർ
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിനെ പ്രകൃതി നിയോഗിച്ചതാണെന്നും എം.എൽ.എ സ്ഥാനത്തേക്ക് മാത്രമല്ല, ഭാവിയിൽ കേരളത്തിന്റെ നായക പദവിയിലേക്ക് വരെ അദ്ദേഹമെത്തുമെന്നും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി. നികേഷ് കുമാർ. സ്വരാജ് ജയിച്ചാൽ നമ്മൾ തോറ്റുപോകില്ല. സ്വരാജിനേക്കാൾ ഇന്നിന്റെ രാഷ്ട്രീയം പറയാനറിയുന്ന മറ്റൊരാളെ ഈ തലമുറയിൽ അറിയില്ലെന്നും നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സ്വരാജിന്‍റെ ചിത്രത്തോടൊപ്പം ‘ചരിത്രം കുറിക്കും’ എന്ന ക്യാപ്ഷൻ ഉൾപ്പെടുത്തിയാണ് കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം
യാദൃച്ഛികത എല്ലാവരുടെയും ജീവിതത്തിലുണ്ട്. സ്വരാജിന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടത്. സംഘടനയിൽ, മത്സരിക്കുന്ന ഇടങ്ങളിൽ സ്വരാജ് അനിവാര്യനായതാണ്. ‘ഞാനുണ്ട് എന്നെ പരിഗണിച്ചോളൂ’ എന്നെവിടെയും സ്വരാജ് പറയില്ല. പ്രകൃതി അങ്ങനെയും ചിലരെ നിയോഗിക്കും. എംഎൽഎ സ്ഥാനത്തേക്ക് മാത്രമല്ല, ഭാവിയിൽ കേരളത്തിന്റെ നായക പദവിയിലേക്ക് വരെ. നിലമ്പൂരിലൂടെ തന്നെയാകണം സ്വരാജ് പടവുകൾ ചവിട്ടേണ്ടത് എന്നതാണ് ഇപ്പോഴത്തെ ട്വിസ്റ്റ്.
നിലമ്പൂർ സൂചന കുറിക്കും. നമ്മുടെ നാട് ഭദ്രമായി കാത്തുസൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങൾക്കും ഇയാൾ അടയാളമായിട്ടുണ്ട്. സ്വരാജ് ജയിച്ചാൽ നമ്മൾ തോറ്റുപോകില്ല. സ്വരാജിനേക്കാൾ ഇന്നിന്റെ രാഷ്ട്രീയം പറയാനറിയുന്ന മറ്റൊരാളെ ഈ തലമുറയിൽ ഞാനറിയില്ല. മലയാളി സൂക്ഷിക്കുന്ന മൂല്യങ്ങൾ നാലാൾ കേൾക്കെ പറയുന്ന ഇയാളെ ഒരുപതെരഞ്ഞെടുപ്പ് വന്ന് ഉയർത്തിപ്പിടിച്ചത് കണ്ടില്ലേ..യാദൃശ്ചികതയുടെ അദ്‌ഭുതങ്ങൾക്ക് എന്തൊരു സ്പീഡ്.
ഇതെഴുതുന്നത് നിലമ്പൂരിൽ നിന്നാണ്. പൂക്കളുടെ പുസ്തകമെഴുതാൻ സ്വരാജിനെ പ്രേരിപ്പിച്ച നാട്ടിൽ നിന്ന്. നിലമ്പൂർ മനോഹര ഭൂമിയാണ്. സ്നേഹത്തോടെ മാത്രം മിണ്ടുന്ന സാധാരണക്കാർ. മഴയത്ത് നനഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്ന പ്രകൃതി. ഇനിയും വരണമെനിക്കിങ്ങോട്ട്. സ്വരാജ്യത്തിന്റെ ബോധ്യം കാത്തുസൂക്ഷിക്കുന്നവരുടെ നാട്ടിലേക്ക്. ചരിത്ര ദൗത്യം കാക്കാൻ നിലമ്പൂരിന് കഴിയും. മലയാളിയുടെ ബോധ്യമാണത്.
അതേസമയം നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂർ കൊട്ടിക്കലാശത്തിലേക്ക് കടന്നത്. വിവാദങ്ങളും ജനകീയ വിഷയങ്ങളും ചർച്ചയായ മണ്ഡലത്തിൽ വ്യാഴാഴ്ചയാണ് വിധിയെഴുത്ത്.നാളെ നിശബ്ദ പ്രചാരണമാണ്.
ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗെയിം ചെയ്ഞ്ചറായി പി.വി. അൻവറിന്റെ രംഗപ്രവേശവും ജയപരാജയങ്ങളെ സ്വാധീനിക്കും. എൻ.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ സ്വന്തമാക്കുന്ന വോട്ടുകളിലെ ഏറ്റക്കുറച്ചിലുകൾ ആർക്ക് ഗുണകരമാകുമെന്നും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

