‘ദേശാഭിമാനി നിരോധനം ബ്രിട്ടീഷ് കാലത്തെ ഓർമിപ്പിക്കുന്നു, ആഭ്യന്തര മന്ത്രി അറിയാതെ ഇത്തരമൊരു സർക്കുലർ ജയിൽ മേധാവി അയക്കില്ല’ -എംവി ജയരാജൻ
text_fieldsരമേശ് ചെന്നിത്തല, എം.വി. ജയരാജൻ
കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ ‘ദേശാഭിമാനി’ ഉൾപ്പെടെയുള്ള പാർട്ടി പത്രങ്ങൾ നിരോധിച്ച് ജയിൽ മേധാവി ഉത്തരവിറക്കിയതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ.
ജയിൽ മേധാവി എങ്ങനെയാണ് ഇത്തരത്തിൽ ദേശാഭിമാനി നിരോധിക്കുക എന്നും, ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ ജയിലുകളിൽ ഇത്തരമൊരു സർക്കുലർ ജയിൽ മേധാവി അയക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് നടപ്പാക്കിയിരുന്ന രീതിയാണെന്നും ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരകാലത്ത് യെർവാദ ജയിലിൽ ബ്രിട്ടീഷുകാർ അടച്ചിട്ട മഹാത്മാഗാന്ധിക്ക് കാൾ മാർക്സ് രചിച്ച ‘മൂലധനം’ (ദാസ് കാപ്പിറ്റൽ) വായിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ജയരാജൻ ഓർമിപ്പിച്ചു.
കമ്യൂണിസ്റ്റ് നേതാവായിരുന്ന കാൾ മാർക്സിന്റെ പുസ്തകം ഗാന്ധിജി ജയിലിൽ വെച്ച് വായിച്ചതിനെ കുറിച്ച് പിന്നീട് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സ്റ്റഡി ഓഫ് ദ ഹെവൻസ്’ എന്ന പുസ്തകത്തിൽ സെക്രട്ടറി ഗാന്ധിജിയുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ചു കൊണ്ട്, പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കവേ മാർക്സിന്റെ വാദങ്ങൾ വായിച്ച് മറുപടി നൽകണമെന്നും അത് യുവാക്കൾക്ക് സാഹിത്യത്തിൽ സ്ഥിരമായ സംഭാവനയാകുമെന്നും പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. അതിന് ‘നിങ്ങൾ പറഞ്ഞത് ശരിയാണ്’ എന്ന് ബാപ്പു മറുപടി നൽകിയതായും ജയരാജൻ ചൂണ്ടിക്കാട്ടി.
അതേസമയം, സി.പി.എം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ 17 പേരെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേസിലെ മൂന്ന് മുഖ്യപ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസുകാരാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടിന് മുന്നിൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ധനരാജിന്റെ കുടുംബത്തിന് പൂർണമായ നീതി ലഭിക്കണം. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സെഷൻസ് ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയിൽ നിന്നാണ് വിധിയുണ്ടായിട്ടുള്ളതിനാൽ അപ്പീൽ നൽകാൻ നിയമപരമായി സാധിക്കും.
അതുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ അപ്പീൽ പോകണമെന്നും ജയരാജൻ പറഞ്ഞു. വളരെ ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും സംഭവത്തിന്റെ ക്രൂരത ഫോട്ടോകൾ ചൂണ്ടിക്കാട്ടി കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
കണ്ണൂരിന്റെ മണ്ണിൽ നടന്ന ഈ കൊലപാതകം മോഷണമോ പിടിച്ചുപറിയോ അല്ലെന്നും ക്രൂരകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്ന കോടതിയുടെ നിലപാട് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

