എസ്.ഐ.ഒക്കെതിരായ വിദ്വേഷ പ്രസ്താവന പിൻവലിച്ച് എം.വി ജയരാജൻ മാപ്പ് പറയണം, നിയമനടപടി സ്വീകരിക്കും -അഡ്വ. അബ്ദുൽ വാഹിദ്
text_fieldsകോഴിക്കോട്: എസ്.ഐ.ഒക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ആവശ്യപ്പെട്ടു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ക്യാമ്പസുകളിൽ പോസ്റ്ററായി പതിച്ചത് എസ്.ഐ.ഒ ആണെന്ന ജയരാജന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ 44 വർഷത്തെ സംഘടനയുടെ പ്രവർത്തന ചരിത്രത്തിൽ എപ്പോഴെങ്കിലും ഇത്തരമൊരു മുദ്രാവാക്യം ഉയർത്തിയതായി തെളിയിക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും അബ്ദുൽ വാഹിദ് പ്രസ്താവനയിൽ വ്യക്തമാക്കി.
എസ്.ഐ.ഒയെ പൈശാചികവൽക്കരിക്കാൻ സംഘപരിവാർ മാതൃകയിൽ ഇസ്ലാമോഫോബിക് രാഷ്ട്രീയം സി.പി.എം പയറ്റുകയാണ്. ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തെ ആന്തരികവൽക്കരിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെ അപരവൽക്കരിക്കാനും വേട്ടയാടാനുമുള്ള പതിവ് ആഖ്യാനങ്ങളുടെ തുടർച്ചയാണ് എം.വി ജയരാജന്റെ പ്രസ്താവനയും. ജനാധിപത്യ സംവിധാനങ്ങളിൽ മുസ്‌ലിം സമുദായം ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെയും സ്വത്വ പ്രതിനിധാനങ്ങളെയും മേൽജാതി അധികാര പ്രയോഗങ്ങളിലൂടെ പൈശാചികവൽക്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ സി.പി.എം ഇനിയും തയ്യാറായിട്ടില്ലെന്നാണ് ഈ പ്രസ്താവനകൾ വ്യക്തമാക്കുന്നത്. മിനിമം സത്യസന്ധതയുണ്ടെങ്കിൽ ജയരാജൻ വിദ്വേഷ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. അല്ലാത്തപക്ഷം ശക്തമായ നിയമ-രാഷ്ട്രീയ ഇടപെടലുകൾക്ക് സംഘടന നിർബന്ധിതമാകുമെന്നും അഡ്വ. അബ്ദുൽ വാഹിദ് മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം
ആരോപണം തെളിയിക്കാൻ എം.വി ജയരാജനെ എസ്.ഐ.ഒ വെല്ലുവിളിക്കുന്നു.
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം ക്യാമ്പസുകളിലും മറ്റിടങ്ങളിലും പോസ്റ്ററായി പതിച്ചത് എസ്ഐഒ എന്ന സംഘടനയാണ്'- സി.പി.എം ന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ ഇന്ന് മാധ്യമങ്ങളോട് എസ്.ഐ.ഒ വിനെ കുറിച്ച് നടത്തിയ പരാമർശമാണിത്. വസ്തുത വിരുദ്ധമായ ആരോപണമാണ് എം.വി ജയരാജൻ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 44 വർഷത്തെ എസ്.ഐ.ഒ വിന്റെ പ്രവർത്തന കാലയളവിലെപ്പോഴെങ്കിലും അത്തരമൊരു മുദ്രാവാക്യം എസ്.ഐ.ഒ ഉയർത്തിയതായി തെളിയിക്കാൻ എം.വി ജയരാജനെ വെല്ലുവിളിക്കുന്നു.
എസ്.ഐ.ഒ വിനെ പൈശാചിക വൽക്കരിക്കാൻ സംഘപരിവാർ മാതൃകയിൽ കഴിഞ്ഞ കുറെ കാലങ്ങളായി സിപിഎം പരീക്ഷിച്ച് അമ്പേ പരാജയപ്പെട്ട ഇസ്ലാമോഫോബിക് രാഷ്ട്രീയത്തെ ഒരിക്കൽ കൂടി എടുത്തു പ്രയോഗിക്കുകയാണ് എം.വി ജയരാജൻ ചെയ്യുന്നത്. ഹിന്ദുത്വ സാംസ്‌കാരികതയെയും അവരുടെ വംശീയ രാഷ്ട്രീയത്തെയും ആന്തരികവൽക്കരിച്ച് മുസ്‌ലിം സമുദായത്തെ അപരവൽക്കരിച്ച് വേട്ടയാടുന്ന സി പി എമ്മിൻ്റെ പതിവ് ആഖ്യാനങ്ങളുടെ തുടർച്ചയാണ് എം വി ജയരാജൻ്റെ ഈ പ്രസ്താവനയും. ജനാധിപത്യ സംവിധാനങ്ങളിൽ മുസ്‌ലിം സമുദായമുയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെയും അവരുടെ സ്വത്വ പ്രതിനിധാനങ്ങളെയും തങ്ങളുടെ മേൽജാതി അധികാര പ്രയോഗങ്ങളിലൂടെ പൈശാചികവൽക്കരിക്കുന്ന സമീപനം സി പി എം നിർജലജ്ജം തുടരുകയാണ്. തെറ്റായ രാഷ്ട്രീയ നിലപാടുകൾക്ക് കേരളം നൽകിയ കനത്ത തോൽവിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാൻ സിപിഎം തയ്യാറല്ല എന്നാണ് ഇതിലൂടെ പറഞ്ഞ് വെക്കുന്നത്.
മിനിമം സത്യസന്ധതയുണ്ടെങ്കിൽ വിദ്വേഷ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ എം.വി ജയരാജൻ തയ്യാറാവണം. അല്ലാത്ത പക്ഷം ശക്തമായ നിയമ - രാഷ്ട്രീയ ഇടപെലുകൾക്ക് എസ്.ഐ.ഒ നിർബന്ധിതമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

