'ഞങ്ങളിതാ സ്ഥാനാർഥികളെ ഒരു മാസം മുമ്പ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞയാൾ ഡൽഹിയിൽ പോയി പിണങ്ങി പിരിഞ്ഞു, പൊട്ടിക്കരയാനും തുടങ്ങി'- കെ സുധാകരനെ പരിഹസിച്ച് എം.വി ജയരാജൻ
text_fieldsതളിപ്പറമ്പ്: കെ സുധാകരനെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ. തെരഞ്ഞെടുപ്പിന് വേണ്ടി എൽ.ഡി.എഫ് നേരത്തെ ഒരുങ്ങിയെന്നും സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും സ്ഥാനാർഥികളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു കഴിഞ്ഞെന്നും മറ്റ് പാർട്ടികളുടെയും ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
'തെരഞ്ഞെടുപ്പിന് വേണ്ടി എൽ.ഡി.എഫ് നേരത്തെ തന്നെ ഒരുങ്ങിയതാണ്. അതുകൊണ്ടാണ് എൽ.ഡി.എഫിന്‍റെ സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിന് ശേഷം അതത് പാർട്ടികൾക്ക് പ്രഖ്യാപിക്കാൻ കഴിഞ്ഞത്. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും സ്ഥാനാർഥികളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് പാർട്ടികളും ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിന് നേരത്തെതന്നെ ഒരുങ്ങി എന്നതും സ്ഥാനാർഥി പട്ടിക ആദ്യം തന്നെ പ്രസിദ്ധീകരിച്ചതും എൽ.ഡി.എഫിന്‍റെ കെട്ടുറപ്പും ഐക്യവും രാഷ്ട്രീയ ഇഛാശക്തിയുമാണ് വ്യക്തമാക്കുന്നത്. ഞങ്ങളിതാ സ്ഥാനാർഥികളെ ഒരുമാസം മുമ്പ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞയാൾ ഡൽഹിയിൽ പോയി പിണങ്ങി പിരിഞ്ഞു.
പിണങ്ങി പിരിഞ്ഞ കൂട്ടത്തിലെ ഒരാൾ ഇന്ന് പൊട്ടിക്കരയാനും തുടങ്ങി. ഇതാണ് യു.ഡി.എഫിന്‍റെ നില. ഇതാണ് നേരത്തെ കോൺഗ്രസിന്‍റെ പ്രവർത്തന സമിതി അംഗമായ മണിശങ്കർ അയ്യർ പറഞ്ഞ കോൺഗ്രസ്, തമ്മിലടിക്കുന്ന കോൺഗ്രസ്. ആ കോൺഗ്രസിനെ കോൺഗ്രസുകാർ തന്നെ തിരസ്കരിക്കും. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വ്യക്തമായ രാഷ്ട്രീയ ക്ഷേമ വികസന കാഴ്ച്ചപ്പാടുകളാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.'- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

