'സ്വർണം കായ്ക്കുന്ന മരമായാലും വീടിന് ചാഞ്ഞാൽ മുറിക്കണം'; സി.പി.എം വിമതനെതിരെ എം.വി. ജയരാജൻ
text_fieldsപയ്യന്നൂർ: നഗരസഭയിലെ കാരയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വൈശാഖിനെ രൂക്ഷമായി വിമർശിച്ച് എം.വി. ജയരാജൻ. കാരയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജയരാജൻ വൈശാഖിനെതിരെ പേരു പറയാതെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്.
സ്വർണം കായ്ക്കുന്ന മരമാണെങ്കിലും വീടിന് ചാഞ്ഞാൽ മുറിച്ചു മാറ്റണമെന്നും പ്രസ്ഥാനത്തേക്കാൾ വലുതല്ല വ്യക്തിയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ജയരാജൻ പറഞ്ഞു. നഗരസഭയിലെ 36ാം വാർഡായ കാരയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത് കോൺഗ്രസ്-എസിലെ പി. ജയനാണ്. ജയന്റെ തെരഞ്ഞെടുപ്പു റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.
ആർക്കു വേണ്ടിയാണ് നിങ്ങൾ മത്സരിക്കുന്നതെന്നും ജയിച്ചിട്ട് എന്തു ചെയ്യാൻ പോകുന്നുവെന്നും കുടയും നിവർത്തിപ്പിടിച്ച് നടക്കുന്ന ആൾ വ്യക്തമാക്കണമെന്നും കുട ചിഹ്നത്തിൽ മത്സരിക്കുന്ന വൈശാഖിന്റെ പേരു പറയാതെ ജയരാജൻ ആവശ്യപ്പെട്ടു. സ്വതന്ത്രൻ എന്ന് പറഞ്ഞ് മത്സരിക്കുന്നയാൾ ഏത് പക്ഷത്താണ്. ബി.ജെ.പിയുടെയോ, കോൺഗ്രസിന്റെയോയെന്ന് വോട്ടഭ്യർഥിക്കാൻ ജനങ്ങൾക്ക് മുന്നിലിറങ്ങുമ്പോൾ അവരോട് വ്യക്തമാക്കണം. ഇയാൾ എന്താണ് പറയുക അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിൽ നയവും നിലപാടുമാണ് വേണ്ടത്. അല്ലാതെ വ്യക്തിക്ക് പ്രസക്തിയില്ല.
രാജ്ഭവന്റെ പേര് ലോക് ഭവൻ എന്നല്ല ഫാഷിസ്റ്റ് ഭവൻ എന്നാണ് മാറ്റേണ്ടതെന്നും കേന്ദ്ര സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമാണ് ഗവർണറെന്നും ജയരാജൻ പറഞ്ഞു. വി. ബാലൻ അധ്യക്ഷത വഹിച്ചു. പി. സന്തോഷ്, സ്ഥാനാർഥി പി. ജയൻ, കെ.കെ. ഗംഗാധരൻ, സരിൻ ശശി, ടി. വിശ്വനാഥൻ കെ. സതീശൻ, പി. ശ്യാമള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

