യു.ഡി.എഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗ് എന്ന് എം.വി. ഗോവിന്ദൻ; ‘സി.പി.എം എന്നും വിശ്വാസികൾക്കൊപ്പം’
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: യു.ഡി.എഫിനെ നയിക്കുന്നത് മുസ്‍ലിം ലീഗാണെന്നും യു.ഡി.എഫിലെ ഒരു കക്ഷിയെയും ഇടത് മുന്നണിക്ക് ആവശ്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫിൽ രണ്ടേ രണ്ടു കക്ഷികളാണുള്ളത്. ഒന്ന് ലീഗും രണ്ട് കോൺഗ്രസും. കോൺഗ്രസാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് പറയുന്നതിൽ ഒരുകാര്യവുമില്ല. യഥാർഥത്തിൽ ലീഗാണ് നയിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിൽ എല്ലാ വിഭാഗവും പങ്കെടുത്തിട്ടുണ്ട്. അതിന്‍റെ അങ്കലാപ്പ് യു.ഡി.എഫിലുണ്ട്. സി.പി.എം എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്‍റെ മുന്നിലാണ്. ഇന്നലെയും ഇന്നും നാളെയും അങ്ങനെയായിരിക്കും.
എൻ.എസ്.എസ് മാത്രമല്ല കേരളീയ പൊതുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇടതുമുന്നണിക്കനുകൂലമായ നിലപാടണ് സ്വീകരിക്കുന്നത്. അതിൽ വികസനമടക്കം എല്ലാ കാര്യങ്ങളുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിലെ സത്യവാങ്മൂലം തിരുത്തുമോ എന്ന ചോദ്യത്തിന് അത് കഴിഞ്ഞ അധ്യായമാണ്, അവസാനിച്ച അധ്യായമല്ല എന്നാണ് മറുപടി.
പാർട്ടിയോട് സ്ഥായിയായി ആർക്കും എതിർപ്പില്ല. കെ. കരുണാകരൻ അടക്കം ഇടത് അനുകൂല നിലപാട് സ്വീകരിച്ച നാടാണ് കേരളമെന്നും എം.വി. ഗോവിന്ദൻ ചാനൽ അഭിമുഖത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

