പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമനവുമായി ബന്ധപ്പെട്ട് പി. ജയരാജന്റെ പ്രതികരണം വിമർശനമായി കാണുന്നില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
കൂത്തുപറമ്പ് കേസിൽ രവതയെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമീഷൻ റിപ്പോർട്ടിൻമേൽ കോടതി തീരുമാനം എടുത്തതുമാണ്. കൂത്തുപറമ്പ് വെടിവെപ്പിന് രണ്ടുദിവസം മുമ്പ് മാത്രമാണ് രവത ചുമതല ഏറ്റെടുത്തത്. ഐ.പി.എസ് ട്രെയിനിങ് കഴിഞ്ഞയുടനാണ് അദ്ദേഹം തലശ്ശേരിയിൽ ജോലിക്ക് കയറുന്നത്. അന്ന് രവതക്ക് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. സർക്കാർ തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പൊലീസ് മേധാവിയായി വരാൻ പറ്റിയ ആൾ എന്ന നിലയിലാണ് സർക്കാർ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. സി.പി.എമ്മിന് ഇതിന്റെ ഭാഗമായി വേറെയൊന്നും പറയാനില്ല. കേസിൽ വന്നത് കൊണ്ടു മാത്രം ഒരാൾ ശിക്ഷിക്കപ്പെടില്ല. അദ്ദേഹത്തെ പ്രതി ചേർക്കുന്നതിൽ കാര്യമില്ലെന്ന് പൊലീസ് കണ്ടെത്തിയതാണ്. അതോടെ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് രവത ചന്ദ്രശേഖർ എന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം. വർഷങ്ങൾക്കു ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി സ്ഥാനത്തേക്ക് മൂന്ന് പേരുകൾ സർക്കാർ പരിഗണിച്ചു. അതിൽ രവത ചന്ദ്രശേഖറെ ഡി.ജി.പിയായി നിയമിച്ചു.
രാഷ്ട്രീയത്തിനതീതമായിട്ടുള്ള എൽ.ഡി.എഫിന്റെ ഇത്തരം തീരുമാനങ്ങളിൽ വിവാദമുണ്ടാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം രീതിയാണ്. സർക്കാർ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയെ നിയമിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാറാണെന്നും പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

