വെള്ളാപ്പള്ളിയുടെ വിലാപം എൽ.ഡി.എഫിന് മുമ്പിൽ വന്നിട്ടില്ല; സമുദായ അടിസ്ഥാനത്തിലല്ല സ്ഥാപനങ്ങൾ നൽകുന്നത് -എം.വി. ഗോവിന്ദൻ
text_fieldsകോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ നിലപാടും പദപ്രയോഗവും സമീപനവും ഉപയോഗിക്കുന്നത് തെറ്റാണെന്നും അത്തരം പ്രയോഗത്തെ സി.പി.എം അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിക്കുന്നതിൽ യോജിപ്പില്ല. തെറ്റായ നിലപാടാണ്. നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഉയർന്നുവന്ന എസ്.എൻ.ഡി.പി യോഗം, വർഗീയ ധ്രുവീകരണത്തിന് വേണ്ടി ബി.ഡി.ജെ.എസ് രൂപീകരിച്ച് അതിനൊപ്പം ചേർന്ന നിലപാടിനെ അന്നും ഇന്നും സി.പി.എം എതിർത്തിട്ടുണ്ട്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയോട് യോജിപ്പില്ല.
വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്ന് വിളിച്ചതിനോടും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ഏതെങ്കിലും സന്ദർഭത്തിൽ ഉയർത്തിയ വിമർശനമോ ഏതെങ്കിലും രീതിയിലുള്ള പദപ്രയോഗമോ അത് എല്ലാ കാലത്തേക്കുമുള്ള ഒന്നല്ല. സമൂഹവും പ്രവഞ്ചവും പ്രകൃതിയും എല്ലാം മാറുന്നത് മനസിലാക്കണം. വസ്തുനിഷ്ട യാഥാർഥ്യത്തെ മനസിലാക്കിയാണ് കാര്യങ്ങൾ പറയുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സമുദായ അടിസ്ഥാനത്തിലല്ല കോളജുകൾ നൽകുന്നത്. അനിവാര്യമായ ആവശ്യം കണക്കിലെടുത്താണ് എല്ലാ സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക. എയ്ഡഡ് സ്കൂളുകളോ കോളജുകളോ കഴിഞ്ഞ 10 വർഷമായി തുടങ്ങിയിട്ടില്ല. എയ്ഡഡ് മേഖലയിൽ പുതിയ സ്കൂളുകളോ കോളജുകളോ അനുവദിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.
സ്കൂളുകൾ നൽകിയില്ലെന്ന വെള്ളാപ്പള്ളിയുടെ വിലാപം എൽ.ഡി.എഫിന് മുമ്പിൽ വന്നിട്ടില്ല. അക്കാര്യങ്ങൾ സർക്കാരാണ് പരിശോധിക്കേണ്ടത്. സി.പി.എമ്മിന് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. ഏത് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. മലപ്പുറത്ത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നില്ലെന്ന് പറഞ്ഞ് നടക്കുന്നത് എന്തിനാണെന്ന് വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണം. മലപ്പുറത്തെ കുറിച്ച് ഓരോരുത്തർക്കും ഓരോ നിലപാട് ഉള്ളത്. മലപ്പുറത്ത് ജീവിക്കാൻ ഒരു പ്രശ്നവുമില്ല. എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിച്ച് പരിഹാരം കാണുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

