Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈദ്ധാന്തികൻ ഇനി

സൈദ്ധാന്തികൻ ഇനി സാരഥി

text_fields
bookmark_border
സൈദ്ധാന്തികൻ ഇനി സാരഥി
cancel
camera_alt

എം.വി. ഗോവിന്ദൻ കടകംപള്ളി സുരേന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ എന്നിവരോടൊപ്പം (ഫയൽ ചിത്രം)

കണ്ണൂര്‍: നേതാക്കൾക്കും അണികൾക്കുമായി സി.പി.എം നടത്താറുള്ള പാർട്ടിക്ലാസുകളിലെ സ്ഥിരം അധ്യാപകനാണ് എം.വി. ഗോവിന്ദൻ. വൈരുധ്യാത്മക ഭൗതികവാദവും ജനാധിപത്യം നേരിടുന്ന ഭീഷണിയുമൊക്കെ ആവർത്തിച്ച് പറഞ്ഞുശീലിച്ച അദ്ദേഹം മന്ത്രിയായപ്പോൾ പൊതുവേദികളിലെ ഉദ്ഘാടനപ്രസംഗങ്ങൾക്ക് പലപ്പോഴും പാർട്ടിക്ലാസിന്റെ സ്വരമായിരുന്നു. ഇന്ന് പാർട്ടി തലപ്പത്തുള്ളവരിൽ 'സൈദ്ധാന്തിക മുഖം' ആയി അറിയപ്പെട്ടത് അതുകൊണ്ടാണ്.

നയനിലപാടുകളിലും സംഘടനാനടപടികളിലും കാർക്കശ്യം സ്ഥായീഭാവമാണ്. അതേസമയം, ആളുകൾക്കിടയിൽ ആവശ്യത്തിന് ചിരിച്ച് ഇടപെടുന്ന സൗമ്യനുമാണ്.

പിണറായി വിജയന്റെ കാർക്കശ്യവും കോടിയേരി ബാലകൃഷ്ണന്റെ സൗമ്യഭാവവും സമാസമം ചേർന്നതാണ് എം.വി. ഗോവിന്ദൻ. എന്നാൽ, പിണറായിയെയും കോടിയേരിയെയുംപോലെ അണികളിൽ ആവേശമുയർത്തുന്ന താരപ്പകിട്ടുള്ള നേതാവല്ല അദ്ദേഹം.

ഔപചാരിക വിദ്യാഭ്യാസം പത്താംതരം മാത്രമെങ്കിലും അറിയപ്പെടുന്ന വാഗ്മിയാണ്. അത് പരന്നവായനയിലൂടെ നേടിയെടുത്തതാണ്. നേരമുണ്ടെങ്കിൽ ആരുമായും ഏതു വിഷയത്തിലും സംവാദത്തിന് തയാറാണ്. അദ്ദേഹത്തിന്റെ വാർത്തസമ്മേളനങ്ങൾ പലപ്പോഴും താത്ത്വിക സംവാദത്തിന്റെ തലത്തിലെത്തിയാണ് സമാപിക്കാറുള്ളത് എന്നതിന്റെ കാരണവും അതുതന്നെ.

ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ പാർട്ട് ടൈം കായികാധ്യാപകനായിരുന്നു ഗോവിന്ദന്‍. കുട്ടികളെ ശാരീരികക്ഷമത പരിശീലിപ്പിക്കാനുള്ള ജോലി വിട്ട് പാർട്ടിക്കാരെ കമ്യൂണിസം പഠിപ്പിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്തതാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായതോടെ ജോലിയില്‍നിന്ന് 1992ൽ സ്വയം വിരമിച്ചു. ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫിലൂടെയായിരുന്നു തുടക്കം. കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ല പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രഥമ സംസ്ഥാന പ്രസിഡൻറായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1970ൽ കോടിയേരിക്കൊപ്പംതന്നെ സി.പി.എം അംഗത്വം നേടി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനവും ജയിൽ വാസവും അനുഭവിച്ചു. എം.വി. രാഘവൻ മുന്നോട്ടുവെച്ച ബദൽരേഖാ കാലത്ത് പാർട്ടിക്കൊപ്പം ഉറച്ചുനിന്നു.

1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായി.

ഇ.പി. ജയരാജനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും എം.വി. ഗോവിന്ദന് ഇടംലഭിച്ചത്. എന്നാൽ, സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള വളർച്ചയിൽ ഇ.പി. ജയരാജനെ മറികടന്നു. പാർട്ടി അടിസ്ഥാനങ്ങളിലെ കണിശതയും മാധ്യമങ്ങൾക്കു മുന്നിൽ പിഴക്കാത്ത നാവുമാണ് അക്കാര്യത്തിൽ എം.വി. ഗോവിന്ദന് തുണയായത്.

2006ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2018ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്ക് വിഭാഗീയതയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ എറണാകുളം ജില്ല സെക്രട്ടറിസ്ഥാനവും വഹിച്ചു. 1996, 2001, 2021 വർഷങ്ങളിലായി മൂന്നു തവണ തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി. ഒടുവിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ-സ്വയംഭരണ മന്ത്രിയായി. ഇതിൽ തിളങ്ങിനിൽക്കെയാണ് പാർട്ടി സെക്രട്ടറി ചുമതല.

വൈരുധ്യാത്മക ഭൗതികവാദം ഉൾപ്പെടെ അടിസ്ഥാന കാര്യങ്ങൾ പലർക്കും ശരിയായി മനസ്സിലായിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പലകുറി തുറന്നടിച്ചതാണ്. അദ്ദേഹം പാർട്ടി സെക്രട്ടറിയാകുമ്പോൾ സി.പി.എമ്മിനെ ഇടതുപക്ഷ അടിത്തറയിൽ ഉറപ്പിച്ചു നിർത്താൻ എത്രത്തോളം കഴിയുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയുടെയും മകനാണ്. സി.പി.എം ജില്ല കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭ മുൻ ചെയര്‍പേഴ്‌സനുമായ പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവര്‍ മക്കള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindan
News Summary - mv govindan party state secretary
Next Story