Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സമരവും വീര്യവും...

'സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം; വി.എസ്‌ ഇല്ലാത്ത കേരളത്തെക്കുറിച്ച്‌ ചിന്തിക്കാനാകില്ല' -എം. വി. ഗോവിന്ദൻ

text_fields
bookmark_border
സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം; വി.എസ്‌ ഇല്ലാത്ത കേരളത്തെക്കുറിച്ച്‌ ചിന്തിക്കാനാകില്ല -എം. വി. ഗോവിന്ദൻ
cancel

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്‌. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി. എസിന്‍റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ്‌ കേരളത്തിനുണ്ടാക്കിയിരിക്കുന്നത്‌ അദ്ദേഹം പറഞ്ഞു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരമാണ് വി.എസ്‌ എന്നും അണയാത്ത സമരസൂര്യനായി അദ്ദേഹം മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കുമെന്നും എം. വി. ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

'സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട്‌ സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു സഖാവ്‌ വി എസ്‌. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ്‌ കേരളത്തിനുണ്ടാക്കിയിരിക്കുന്നത്‌.

സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌ അച്യുതാനന്ദൻ. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ്‌ പാർട്ടി ലോകത്തിന്‌ നൽകിയ അതുല്യസംഭാവന. അനാഥത്വത്തോട്‌ പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ്‌ ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര –- വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്‌. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ്‌ ഇറങ്ങിച്ചെന്നത്‌ ഒരു പോരാളിയായാണ്‌. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗ സമരങ്ങളെ മുന്നിൽ നിന്ന്‌ നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം.

ഭീഷണികൾക്കും അധികാര ദുഷ്പ്രഭുത്വത്തിനും മുന്നിൽ ശിരസ്‌ കുനിക്കാതെ, സ്വയം തെളിച്ച വഴിയിലൂടെയാണ്‌ വി.എസ്‌ കേരളത്തെ നയിച്ചത്‌. ഒരു നൂറ്റാണ്ട്‌ പൂർത്തിയാക്കിയ ആ ജീവിതം അവസാനിക്കുമ്പോഴും വി.എസ്‌ ഇല്ലാത്ത കേരളത്തെക്കുറിച്ച്‌ ചിന്തിക്കാൻ നമുക്കാകില്ല. സ്വാതന്ത്ര്യ സമര സേനാനി, കർഷക, കർഷക തൊഴിലാളി സമരങ്ങളുടെ അതുല്യ സംഘാടകനും അമരക്കാരനും, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്‌ബ്യൂറോ അംഗം, കേരളത്തിന്റെ മുഖ്യമന്ത്രി, അഴിമതികളോട്‌ പടവെട്ടിയ പ്രതിപക്ഷ നേതാവ്‌.. അങ്ങിനെ ഒറ്റക്കള്ളിയിൽ ഒതുക്കാൻ കഴിയാത്ത ജീവിതമായിരുന്നു വിഎസിന്റേത്‌.

പ്രിയസഖാവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖവും വേദനയുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ്‌ മനസിലേക്ക്‌ ഇരച്ചെത്തുന്നത്‌. വിപ്ലവ കേരളത്തെ മുന്നിൽ നിന്ന്‌ നയിച്ച ധീര സഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.'

വിട പ്രിയസഖാവേ.. ലാൽസലാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanMV GovindanCPMKerala News
News Summary - MV Govindan condoles the death of VS Achuthanandan
Next Story