മമ്മൂട്ടിയുടെ വിമർശനങ്ങൾ ക്രിയാത്മകമായി കാണുന്നു; സൈബർ ആക്രമണങ്ങളെ തള്ളി എംവി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: നടൻ മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എതിരഭിപ്രായമുള്ളവരോടും നല്ലരീതിയിൽ സംവദിക്കുകയെന്നതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളിയ ഗോവിന്ദൻ, മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കും നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘മമ്മൂട്ടി ലോകം അറിയുന്ന മലയാളത്തിന്റെ മഹാനടനാണ്. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അത് ക്രിയാത്മകമായിട്ടാണ് കാണുന്നത്. യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ല രീതിയിൽ സംവദിക്കണം എന്നതാണ് ലൈൻ. മമ്മൂട്ടിയെ ആക്രമിക്കാൻ ഞങ്ങളില്ല. സിപിഎമ്മിന് അങ്ങനെ ഒരു താൽപര്യവുമില്ല’ -ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹികൾ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ച ശേഷം, ഇടത് അനുകൂല സൈബർ പേജുകളിൽ നിന്ന് ഉൾപ്പെടെ നടനെതിരെ വ്യാപക വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു.
2026 മാർച്ചിൽ വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്.
ഈ സൈബർ ആക്രമണങ്ങളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ തള്ളിയിരുന്നു. പിന്നാലെയാണ് പാർട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത്.
അതിനിടെ, കാലിക്കറ്റ് സർവകലാശാല കാമ്പസിൽ യു.ഡി.എസ്.എഫ് അതിക്രൂരമായ ആക്രമണമാണ് നടത്തിയതെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
‘എസ്.എഫ്.ഐ നേതാക്കളെയും വിദ്യാർഥികളെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് മുസ്‍ലിം ലീഗ്- എം.എസ്.എഫ് സംഘം ആക്രമണം അഴിച്ചുവിട്ടത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അഴിഞ്ഞാട്ടം.
പഠിച്ച പണിയെല്ലാം പയറ്റിയിട്ടും സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ മേജർ സീറ്റും എസ്.എഫ്.ഐ നേടിയതിലുള്ള പകയാണ് വിദ്യാർഥികളോട് കാട്ടിയത്. ക്രിമിനൽ സംഘത്തെ നിയന്ത്രിക്കാൻ ലീഗ് നേതൃത്വം തയാറായില്ലെങ്കിൽ ശക്തമായ പ്രതിരോധമുണ്ടാകും’ -അദ്ദേഹം പറഞ്ഞു.

