ശ്യാമുമായി അടുത്ത ബന്ധം; അസംബന്ധമെന്ന് പറയാൻ എം.വി. ഗോവിന്ദനാവില്ല -മുഹമ്മദ് ഷർഷാദ്
text_fieldsഎം.വി. ഗോവിന്ദൻ, മുഹമ്മദ് ഷർഷാദ്
കണ്ണൂര്‍: സി.പി.എമ്മിലെ കത്ത് വിവാദം അസംബന്ധമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത് മകനോട് ചോദിച്ചിട്ടാണോ എന്ന് പരാതിക്കാരൻ മുഹമ്മദ് ഷർഷാദ്. മാധ്യമങ്ങൾക്കു മുന്നിൽ രക്ഷപ്പെടാനായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഗോവിന്ദന്റെ മകൻ ശ്യാംജിത്തുമായി വർഷങ്ങളായി നടത്തിയ വാട്സ്ആപ്, ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശങ്ങളെല്ലാം കൈയിലുണ്ട്. പിന്നെയെങ്ങനെ താൻ പറഞ്ഞത് അസംബന്ധമാകുമെന്നും മകനും തനിക്കും ബന്ധമില്ലെന്ന് പറയാൻ ഗോവിന്ദന് സാധിക്കില്ലെന്നും ഷർഷാദ് പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോക്ക് നല്കിയ പരാതി കോടതിയില്‍ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളോടും പരാതി രാജേഷ് കൃഷ്ണക്ക് ചോര്‍ത്തി നല്‍കിയത് മകന് ശ്യാംജിത്താണെന്ന ആരോപണത്തോടും തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചത്, പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നായിരുന്നു.
പാർട്ടി കോൺഗ്രസ് വേദിയിലടക്കം ശ്യാമുമായുള്ള ഫോട്ടോയടക്കം കൈയിലുണ്ടെന്ന് ഷർഷാദ് പറഞ്ഞു. മാതാവും മഹിള അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയുമായും സംസാരിച്ചിരുന്നു. പാർട്ടി സെക്രട്ടറിയുടെ മകൻ എന്നനിലയിൽ പാർട്ടിയിൽ ശ്യാമിന് ബന്ധമുണ്ട്.
കത്ത് വിവാദം പുറത്തുവന്നതിനു പിന്നാലെ സി.പി.എമ്മിലെ നിരവധി നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. പാർട്ടിയെ കുറ്റപ്പെടുത്താനില്ല. പാർട്ടിയിലൂടെ വന്ന ഒരാളെന്നനിലയിൽ തനിക്കുണ്ടായ വിഷയത്തിൽ കാര്യമായ സഹായം ലഭിച്ചില്ല. പി. ശശിയുമായും തോമസ് ഐസക്കുമായും രാജേഷ് കൃഷ്ണക്ക് നല്ല ബന്ധമാണുള്ളത്. യു.കെയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് കേരളത്തിലെ ചില പാർട്ടി നേതാക്കളുടെയും ബിനാമിയാണെന്ന് അറിവുണ്ട്. രാജേഷ് കൃഷ്ണയുടെ പെട്ടെന്നുള്ള വളര്‍ച്ചക്കു പിന്നിലും ഇതാണെന്നും ഷര്‍ഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

