സി.പി.ഐയെ അനുനയിപ്പിക്കാൻ എം.വി. ഗോവിന്ദനും; മണ്ഡലത്തിലെ പരിപാടികൾ റദ്ദാക്കി തലസ്ഥാനത്തേക്ക് തിരിച്ചു
text_fieldsഎം.വി. ഗോവിന്ദൻ
കണ്ണൂർ: പി.എം ശ്രീയിൽ സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ എൽ.ഡി.എഫിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ടിറങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികൾ റദ്ദാക്കി ഗോവിന്ദൻ അടിയന്തരമായി തിരുവനന്തപുരത്തേക്ക് തിരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചതുപ്രകാരമാണ് തലസ്ഥാനത്തേക്ക് മടങ്ങിയത്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐയെ പങ്കെടുപ്പിക്കുകയെന്ന ദൗത്യമാണ് യാത്രയുടെ ലക്ഷ്യം. സി.പി.ഐയുമായി ചർച്ച കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം വൈകീട്ടേക്ക് മാറ്റിയത്. മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിന്നാൽ വലിയ നാണക്കേടാവുമെന്നും എന്തുവില കൊടുത്തും ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്. പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ പ്രതിഷേധം നിലനിർത്തിത്തന്നെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയും ചർച്ചകൾ തുടരാമെന്നുമാണ് സി.പി.എം മുന്നോട്ടുവെച്ചത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായി 10 ഉദ്ഘാടന ചടങ്ങുകളാണ് സ്ഥലം എം.എൽ.എയെന്ന നിലക്ക് തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി. ഗോവിന്ദനുള്ളത്. രാവിലെ പത്തിന് പാളയാട് പാലം ഉദ്ഘാടനം, 11ന് കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം, നാലിന് തൃച്ചംബരം ശാന്തിഭവൻ ഓൾഡ് ഏജ് ഹോം കെട്ടിടോദ്ഘാടനം, അഞ്ചിന് ഏഴോം ടി.പി സ്മാരക പുരസ്കാര സമർപ്പണം എന്നിങ്ങനെയാണ് ബുധനാഴ്ചയിലെ പരിപാടികൾ. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ അഞ്ച് പരിപാടികൾ വേറെയുമുണ്ട്.
പി.എം ശ്രീ വിഷയത്തിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കാനാണ് സി.പി.ഐ തീരുമാനം. ഇന്ന് ചേർന്ന സി.പി.ഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. പ്രശ്ന പരിഹാരത്തിനായി എം.എ. ബേബി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചെങ്കിലും രമ്യതയിലെത്താനായില്ലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും ആലപ്പുഴയിൽ നടത്തിയ ചർച്ചയും ഫലപ്രദമാകാതെ പിരിഞ്ഞിരുന്നു. വിവാദമായ പി.എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാറുമായി ഏർപ്പെട്ട ധാരണാപത്രം റദ്ദാക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഇല്ലെങ്കിൽ ഇടത് മുന്നണിക്കും സി.പി.എമ്മിനും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമെടുക്കുമെന്നും സി.പി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു.
സി.പി.ഐക്ക് ബോധ്യമായതും ചൂണ്ടിക്കാട്ടിയതുമായ തിരുത്തലിന് സി.പി.എം തയാറായില്ലെങ്കിൽ സി.പി.ഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങും. കേന്ദ്ര സർക്കാറുമായുള്ള ധാരണാപത്രത്തി നിന്ന് പിൻവാങ്ങുമെന്ന് നവംബർ നാലിന് മുമ്പ് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നാണ് സി.പി.ഐയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ നവംബർ നാലിന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിന്‍റെ അംഗീകാരത്തോടെ സി.പി.ഐ മന്ത്രിമാർ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

