ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ട്, ജി. സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ഗോവിന്ദൻ; അനുനയിപ്പിക്കാൻ സി.പി.എം ശ്രമം
text_fieldsആലപ്പുഴ: സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച്, പാർട്ടി വിടുമെന്ന് വ്യക്തമാക്കിയ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ചു.
വാർത്തസമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്നും ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടാണെന്നും ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടി അംഗത്വം പുതുക്കണം എന്നും സുധാകരനോട് ആവശ്യപ്പെട്ടു. തന്‍റെ നിലപാട് സുധാകരനും വ്യക്തമാക്കി. അതേസമയം, സുധാകരന്‍റെ ഫേസ്ബുക്ക് തുറന്നെഴുത്തിൽ സി.പി.എമ്മിനുള്ളിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. മുതിർന്ന നേതാവ് എന്ന നിലയിൽ സുധാകരൻ പക്വത കാണിച്ചില്ല എന്നാണ് നേതാക്കൾ പറയുന്നത്.
സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ കുറ്റപ്പെടുത്തിയുള്ള എഴുത്ത്, പരിധി കടന്നു പോയെന്നും അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെ പോലെ ഒരു പ്രധാന നേതാവിനെ മാറ്റിനിർത്തരുതെന്ന് ഒരു വിഭാഗവും പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്ന സുധാകരന്‍റെ വിമർശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അവഗണനയും പരിഹാസവുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും സുധാകരൻ സൂചിപ്പിച്ചു.
എം.വി. ഗോവിന്ദൻ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടായി ഇനി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് അംഗത്വം പുതുക്കില്ലെന്നുമാണ് സുധാകരൻ തുറന്നടിച്ചത്. ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലാണ് അംഗത്വം. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ ശേഷം സാധാരണ അംഗമായുള്ള പ്രവർത്തനത്തെപ്പറ്റി നേതാക്കൾ തന്നോട് അന്വേഷിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ഒരുചോദ്യത്തിന് മറുപടിയായി, ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർഥം വരുന്ന, ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയാറായിട്ടില്ല. ഗോവിന്ദന്‍റെ വീഡിയോ സഹിതമായിരുന്നു ജി. സുധാകരന്‍റെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

