'ആർ.എസ്.എസിന് എന്ത് കല, എന്ത് കലാസ്വാദനം..!, ഒന്നിനെയും പറ്റി അറിയില്ല'; വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് എം.വി ഗോവിന്ദൻ
text_fieldsകണ്ണൂർ: റാപ്പർ വേടൻ്റേത് കലാഭാസമാണെന്ന് പറഞ്ഞ ആർ.എസ്.എസിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആധുനിക സംഗീതത്തിന്റെ പടനായകനാണ് വേടനെന്നും ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമികുന്നുവെന്ന് പറയുന്ന ആർ.എസ്.എസിന് എന്ത് കല ?, എന്ത് കലാസ്വാദനമെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.
സവർണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്ര അവബോധത്തോടു കൂടി റാപ്പിലൂടെ വേടൻ അവതരിപ്പിക്കുന്നുണ്ടെന്നും അടിമ തുല്യമായി ജീവിക്കുന്ന പാവപ്പെട്ട കർഷക തൊഴിലാളിയുടെ പാവപ്പെട്ട മനുഷ്യന്റെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ആ റാപ്പിന് ഒരു വല്ലാത്ത കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേടനെപോലുള്ള ഒരാൾ ലക്ഷക്കണക്കിന് ആളുകളുടെ ആകർഷിക്കുന്നു എന്ന് പറയുമ്പോൾ പലർക്കും സഹിക്കില്ലായെന്നറിയാം, ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ടിതമായ ഒരു ഭരണഘടനവും ഭരണകൂടവും വേണമെന്ന് പറയുന്നവരാണല്ലോ ബി.ജെ.പിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരണ്ടതാണ്. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടാകുന്നു. അങ്ങനെ ശരീരത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ ഒരു മാലകണ്ടു. അതിൽ പുലിയുടെ പല്ല് ഉണ്ടത്രെ, ആരോ കൊടുത്തതാണ് വേടന്. ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസെടുക്കാനാണ് ഫോറസ്റ്റുകാർ ശ്രമിച്ചത്. ഞങ്ങൾ അവിടെ വ്യക്തമായി നിലപാട് സ്വീകരിച്ചു. വേടന്റെ കൂടെ പാർട്ടി ഉറച്ചു നിന്നു' -എം.വി ഗോവിന്ദൻ പറഞ്ഞു.
റാപ്പർ ഹിരൺദാസ് മുരളി എന്ന വേടനെതിരായ വിദ്വേഷപ്രസംഗത്തിൽ ആർ.എസ്.എസ് വാരിക ‘കേസരി’യുടെ മുഖ്യപത്രാധിപർ എൻ.ആർ മധുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
‘ഇന്ന് ഈ നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ആള് കൂടാൻ വേണ്ടി വേടന്‍റെ പാട്ടുവെക്കാൻ തയാറാകുന്നവർ ഒരുപക്ഷേ ആള് കൂടാൻ വേണ്ടീട്ട് കാബറെ ഡാൻസും നമ്മുടെ അമ്പലപ്പറമ്പിൽ വെക്കും. വേടനോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. പക്ഷേ വേടന്‍റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കാലാഭാസമായി അരങ്ങുവാഴുകയാണ്. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാൽ അത് ഈ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്. അത്തരം കാലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയേണ്ടതാണ്....’ -എന്നായിരുന്നു വേടനെതിരെ എൻ.ആർ. മധുവിന്‍റെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

