‘അൻവറിന്‍റെ രാഷ്ട്രീയ വഞ്ചനക്ക് നിലമ്പൂർ ജനത വിധിയെഴുതും, വി.വി. പ്രകാശന്‍റെ മകളുടെ എഫ്.ബി പോസ്റ്റ് ആര്യാടൻ ഷൗക്കത്തിനെതിരായ ഒളിയമ്പ്’; സി.പി.എം മുഖപത്രത്തിൽ എം.വി. ഗോവിന്ദന്‍
text_fieldsകോഴിക്കോട്: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനും പിണറായി വിജയനെതിരെ വിമർശനം തുടരുന്ന മുൻ എം.എൽ.എ പി.വി. അൻവറിനും എതിരെ വിമർശനവുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ലേഖനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർഥി തോറ്റതെന്ന് എം.വി. ഗോവിന്ദൻ 'രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു.
അന്തരിച്ച മുൻ ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശിന്‍റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ആര്യാടൻ ഷൗക്കത്തിനെതിരായ ഒളിയമ്പാണ്. എൽ.ഡി.എഫ് പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരിൽ നിന്ന് വിജയിച്ച അൻവർ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടുതവണ നിയമസഭയിലെത്തിച്ച എൽ.ഡി.എഫിനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു അൻവർ. യു.ഡി.എഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനക്ക് നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതുമെന്നും എം.വി. ഗോവിന്ദൻ പറയുന്നു.
ലേഖനത്തിൽ നിന്ന്
ഘടകകക്ഷിയാകുക, നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും മന്ത്രിസ്ഥാനവും ഉറപ്പാക്കുക തുടങ്ങി യു.ഡി.എഫിന് എളുപ്പം സ്വീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് അൻവർ ഉയർത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കുമെന്നാണ് അൻവറിന്‍റെ ഭീഷണി. പിണറായിയെയും എൽ.ഡി.എഫിനെയും അപകീർത്തിപ്പെടുത്താൻ തങ്ങൾക്ക് കരുത്താകുമെന്ന് കരുതിയ അൻവർ കീറാമുട്ടിയായി മാറിയെന്ന വികാരമാണ് ഇപ്പോൾ യു.ഡി.എഫിലുള്ളത്.
അയാളെ തള്ളാനും കൊള്ളാനും ആവശ്യപ്പെട്ട് യു.ഡി.എഫിലും കോൺഗ്രസിലും രണ്ടുചേരി തന്നെ രൂപം കൊള്ളുകയാണ്. ഈ സ്വരച്ചേർച്ചയില്ലായ്മക്ക് ശക്തി പകർന്നു കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ആരാട്യൻ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോൽക്കുകയും ഫലം വരുന്നതിന് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ വി.വി. പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്.
"അച്ഛന്റെ ഓർമകൾ ഓരോ നിലമ്പൂരുകാരന്റെ മനസിലും എരിയുമെന്ന’ പ്രകാശിന്‍റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ ജയം ഉറപ്പിക്കാൻ ബി.ജെ.പിയുമായും മുസ് ലിം മതമൗലികവാദികളുമായും ചേർന്ന് മഴവിൽ സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയെ നിർത്താനില്ലെന്നും ബി.ഡി.ജെ.എസിന് സീറ്റു വിട്ടുനൽകുമെന്നും മറ്റുമുള്ള മാധ്യമവാർത്തകൾ ശരിയാണെങ്കിൽ പട്ടാമ്പി, ബേപ്പൂർ, വടകര മോഡൽ ആവർത്തിക്കാനാണ് ശ്രമമെന്ന് വ്യക്തം.
നിലമ്പൂരിലെ യു.ഡി.എഫ് ക്യാമ്പ് പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് വഴുതി മാറുമ്പോൾ എൽ.ഡി.എഫ് ഒത്തൊരുമയോടെ ഒറ്റമനസ്സായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുകയാണ്. രണ്ടു ദിവസത്തിനകം എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ജൂൺ ഒന്നിന് വൈകിട്ട് നിലമ്പൂരിൽ എൽ.ഡി.എഫ് കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ എൽ.ഡി.എഫിന്റെ പ്രവർത്തനം സജീവമാകും. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂർ നിലനിർത്തുക തന്നെ ചെയ്യും. നേരത്തേ ചേലക്കരയിൽ നേടിയതു പോലെ നിലമ്പൂരിലും എൽ.ഡി.എഫ് വിജയക്കൊടി പാറിക്കും. തുടർച്ചയായി മൂന്നാമതും എൽ.ഡി.എഫ് സർക്കാർ രൂപീകരണത്തിനുള്ള കാഹളമായിരിക്കും നിലമ്പൂരിൽ നിന്ന് ഉയരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

