‘ഭാര്യമാരെ ഇഡി കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ ബിജെപിക്കൊപ്പം ചേർന്നു, ഇതോടെ കേസ് തീർന്നു’; രണ്ട് മുഖ്യമന്ത്രിമാർ ഇ.ഡി വഴി ബി.ജെ.പിയിൽ എത്തിയവരെന്ന് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ഇ.ഡി വന്നപ്പോൾ ബി.ജെ.പിയിൽ എത്തിവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാൾ കോൺഗ്രസിന്റെ ആളായിരുന്നു. മറ്റൊരാൾ കോൺഗ്രസിൽ നിന്ന് തൃണൂൽ കോൺഗ്രസിലേക്ക് പോയ ആളായിരുന്നു. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ടതായിരുന്നു അവർക്ക് നേരെ വന്ന ഏറ്റവും പ്രധാനപ്പെട്ട കേസ്. കേസിന്റെ ഭാഗമായി ഇഡി വന്നു. ഇവരുടെ ഭാര്യമാരെയും കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ ബിജെപിയോടൊപ്പം ചേർന്നു. ഇതോടെ യാതൊരു കേസുമില്ല, കോടിക്കണക്കിന് രൂപയുടെ കേസ് ഒരുതരത്തിലും മുന്നോട്ടുപോയില്ല. ഇതാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഇഡിയുടെ ഭാഗമായി എന്തെല്ലാം കേസാണ് വരാൻ പോകുന്നത് എന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. പല കേസും വരും. ആ കേസുകളെയൊക്കെ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ടേക്ക് പോകും എന്നാണ് പാർട്ടി തീരുമാനിച്ചത്. ഏത് കേസും നിയമപരമായും രാഷ്ട്രീയമായും നേരിടും. അതിലൊന്നും കീഴടങ്ങുകയോ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിലപാടിനോടൊപ്പം നിൽക്കുകയോ അല്ല ഞങ്ങൾ ചെയ്യുക. അതിനെ പ്രതിരോധിച്ചു മുന്നോട്ടേക്ക് പോകും -അദ്ദേഹം പറഞ്ഞു.
ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്തുകയൊന്നും വേണ്ട. അതിനൊന്നും വഴങ്ങാൻ മനസ്സില്ല. പഞ്ചാബ് ഗവൺമെന്റിനും തമിഴ്നാട് ഗവൺമെന്റിനും ഇ.ഡി കത്ത് കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനി ഇവിടെ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നുള്ളത് കേരളം കാണാൻ പോവുകയാണ്. ഇഡിക്ക് 28 പേജുള്ള റിപ്പോർട്ട് ഉണ്ടാക്കാൻ എന്താ പ്രയാസം. 40ഓ 50ഓ പേജ് എഴുതി തയ്യാറാക്കുന്നതിന് എന്താ പ്രയാസം. ഒരു തെളിവുമില്ലാതെ കള്ള കേസ് ഉണ്ടാക്കുക. ആ കേസ് ഉണ്ടാക്കിയിട്ട് രാഷ്ട്രീയമായ പകപോക്കൽ നടത്തുക. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായി നേരിടും, ഒരു വിട്ടുവീഴ്ചയും വേണ്ട -ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ നടന്ന അക്രമങ്ങളിൽ 27 പേർക്കെതിരെ പിഎംഎൽഎ കേസ് എടുത്തതിനെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. മാസപ്പടി കേസ് പ്രതികളിൽ നിന്ന് ഈ 27 പേരുംപണം വാങ്ങി എന്നാണ് ഇ.ഡി ആരോപണം. എന്തും പറയാൻ ഒരു മടിയുമില്ലാത്തവരാണ് ഇ.ഡിയെന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ ഏജൻസി ഒന്നും കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്നവരല്ല. അവർക്ക് ആവശ്യമുള്ള കാര്യം മാത്രമേ അവർ ചെയ്യുന്നുള്ളൂ.
ഇവിടെ തൃശ്ശൂരിൽ ഉണ്ടായതെന്താ? പ്രധാനപ്പെട്ട ഒരു ബാങ്കുമായി ബന്ധപ്പെട്ട കേസ് ഉണ്ടായി. പാർട്ടി ജില്ലാ സെക്രട്ടറി ആണ് എന്ന ഒറ്റ കാരണം കൊണ്ട് ജില്ലാ സെക്രട്ടറിയെ ആ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. സംഭവം നടക്കുമ്പോൾ പാർട്ടി സെക്രട്ടറി അവിടെ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ചോദ്യം ചെയ്യലിൽ ഭയപ്പെട്ട് കീഴടങ്ങി പോകും എന്നാണോ നിങ്ങളൊക്കെ ധരിക്കുന്നത്. ചോദ്യം ചെയ്യൽ മാത്രമല്ല കൽത്തുറങ്കിൽ കിടന്നുകൊണ്ട് തന്നെയാണ് ഈ പാർട്ടിയും പ്രസ്ഥാനവും എല്ലാം മുന്നോട്ട് വന്നത്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

