ആശമാരുടെ സമരം കൈകാര്യം ചെയ്യുന്നത് എസ്.യു.സി.ഐ, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവർ -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരമല്ല, സമരം കൈകാര്യം ചെയ്യുന്നവരാണ് പ്രശ്നമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമരം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സമരം രാഷ്ട്രീയപ്രേരിതമാണ്. സമരമല്ല പ്രശ്നം, ആ സമരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില ആളുകളുണ്ട്. എസ്.യു.സി.ഐ, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവർ. അവരെയാണ് ഞങ്ങൾ എതിർക്കുന്നത്. അല്ലാതെ ആശാ വർക്കർമാരോട് ഞങ്ങൾക്ക് എന്താ വിരോധം? ഞങ്ങളുടെ വർഗമല്ലേ... -എം.വി. ഗോവിന്ദൻ പറഞ്ഞു.
സമരത്തിന്‍റെ മൂന്നാം ഘട്ടത്തിൽ നിരാഹാര സമരത്തിനൊരുങ്ങി ആശമാർ
36 ദിവസമായി നടന്ന രാപ്പകൽ സമരം സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തിയ ആശാ വർക്കാർമാർ നിരാഹാര സമരം ആരംഭിക്കുന്നു. സമരത്തിന്‍റെ മൂന്നാം ഘട്ടമെന്നോണം വ്യാഴാഴ്ച മുതലാണ് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിതകാലത്തേക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെയാണ് ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശമാർ ഉപരോധ സമരത്തിൽ പങ്കെടുക്കാനെത്തി. സെക്രട്ടേറിയറ്റിന് സുരക്ഷയൊരുക്കി വൻ പൊലീസ് സന്നാഹവുമുണ്ടായിരുന്നു.
രാവിലെ 10ന് തന്നെ സമരവേദിയിൽ നിന്ന് ജാഥയായി സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലേക്കെത്തിയ ആശ വർക്കർമാർ ഉപരോധ സമരത്തിന് തുടക്കം കുറിച്ചു. വേനലിന്റെ കാഠിന്യത്താൽ എട്ടോളം ആശ വർക്കർമാർ കുഴഞ്ഞുവീണു. ഏഴുപേരെ ആംബുലൻസിലും ഒരാളെ ഓട്ടോറിക്ഷയിലും ആശുപത്രിയിലെത്തിച്ചു.
ഉപരോധം നടക്കുന്നതിനിടെ ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചതായി സർക്കാർ ഉത്തരവിറങ്ങി.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.