വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; ചർച്ച നടന്നതായി സമ്മതിച്ച് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം സംബന്ധിച്ച് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘‘ചർച്ച നടന്നിട്ടുണ്ടാകും, ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല. ചർച്ച നടക്കാതെ ഒരു ദിവസം കൊണ്ടൊന്നും സംഭവിക്കുന്നതല്ല ഇത്. എപ്പോൾ ചർച്ച ചെയ്തു എന്നതല്ല, സർക്കാർ അറിയാതെ എങ്ങനെ കച്ചവട നീക്കമുയെന്നതാണ് അറിയേണ്ടത്’’- വാർത്തസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദൻ പറഞ്ഞു.
ലോകത്തെതന്നെ ശ്രദ്ധേയ തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്ന് മനസ്സിലാക്കി കപ്പൽ കമ്പനികൾ അത് എങ്ങനെയാണ് കൈവശപ്പെടുത്താനാവുകയെന്ന് ആലോചനകൾ നടത്തുന്നുണ്ടാകും. അതിന്റെ തുടർച്ചയിലാണ് ഈ സംഭാഷണവും ചർച്ചയും നടന്നത്-അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനും അദാനിയും തമ്മിലെ അവിശുദ്ധ ബന്ധമാണ് ഓഹരികൈമാറ്റത്തിന് പിന്നിലെന്ന സി.പി.എം ആരോപണങ്ങൾക്കിടെയാണ് ഇടതുകാലത്തും ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശം. ഓഹരികൈമാറ്റത്തെ പിന്തുണച്ച് പാർട്ടി പത്രത്തിൽ വന്ന വാർത്തകളെ സി.പി.എം തള്ളിപ്പറയുന്ന ഘട്ടത്തിൽ കൂടിയാണിത്.
ദേശാഭിമാനിയെ തള്ളി സി.പി.എം
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തയിൽ പാർട്ടി പത്രമായ ദേശാഭിമാനിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദേശാഭിമാനിയിൽ അങ്ങനെ വാർത്ത വരാൻ പാടില്ലായിരുന്നുവെന്നും പാർട്ടി പത്രത്തിൽ ചിലപ്പോൾ തെറ്റുകൾ വരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടി പത്രത്തിൽ ചിലപ്പോൾ തെറ്റും വരില്ലേ. അങ്ങനെ കണ്ടാൽ മതി. സംഭവങ്ങളുടെ സൂക്ഷ്മാംശം പൂർണമായും മനസ്സിലാക്കാതെ പത്രത്തിൽ ഇങ്ങനെ വാർത്ത നൽകുമ്പോൾ ഭാവിയിൽ വരാൻ ഇടയുള്ള കാര്യം ദേശാഭിമാനി ഗൗരവപൂർവം കാണണമായിരുന്നു. പാർട്ടി പത്രത്തിന്റെ രാഷ്ട്രീയമൊന്നും നഷ്ടപ്പെടുന്നില്ല. ദേശാഭിമാനി വാർത്തയിൽ ഓഹരികൈമാറ്റം സർക്കാരിന്റെ നേട്ടമായി പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല.
ദേശാഭിമാനിയിൽ വരുന്ന തിനുമുമ്പ് മറ്റു പത്രങ്ങളിൽ വാർത്ത വന്നിട്ടുണ്ട്. ജൂൺ ഒന്നിന് ഇകണോമിക് ടൈംസിലാണ് ആദ്യം വന്നത്. ജൂൺ മൂന്നിന് മാതൃഭൂമി അവസാന പേജിലും വലിയ പ്രാധാന്യത്തോടെ നൽകി. വസ്തുത ഇതായിരിക്കെയാണ് പച്ചക്കള്ളം പറഞ്ഞ് ദേശാഭിമാനിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

