അത് എ.ഐയിൽ നിര്‍മിച്ച ഫോട്ടോ, പോറ്റിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് എ.ഐ ചിത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധിയുമായി സ്വർണക്കൊള്ളക്കേസിലെ രണ്ട് പ്രതികൾ എന്ത് അടിസ്ഥാനത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടത്തിയത്? എന്തായിരുന്നു സന്ദർഭം, ആരായിരുന്നു സമയം നിശ്ചയിച്ചത്, ആരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്, എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്നതെല്ലാം യു.ഡി.എഫ് കൺവീനർക്ക് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. കാരണം അദ്ദേഹം കൂടി ചേർന്നിട്ടാണല്ലോ ഈ ചർച്ചകൾ സംഘടിപ്പിച്ചത്. വലിയ ദുരൂഹത ഇതിന് പിന്നിലുണ്ട്... -എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ല. അത് എ.ഐ സംവിധാനത്തിന്‍റെ ഭാഗമായി ഉണ്ടാക്കിയ ഫോട്ടോ ആണ്. രണ്ട് ഫോട്ടോ വേർതിരിച്ച് അറിയാൻ സാധിക്കുന്ന രീതിയിൽ കാണാൻ സാധിക്കും. അടൂർ പ്രകാശ് കാണിച്ചത് തെറ്റായ ഫോട്ടോ ആണ്, ഒരു നിർമിത ഫോട്ടോ ആണത്. ഇവർ എന്തിന് പോയി എന്നതിന് പകരം പിണറായി എന്തിന് പോയി എന്ന് പറഞ്ഞാൽ ശരിയാകില്ല. ഇന്ത്യയിലെ പ്രമുഖ പാർട്ടിയുടെ പ്രമുഖ നേതാവിനെ എന്തിനാണ് ഈ പ്രതികൾ ഉൾപ്പെടെയുള്ളവർ വളരെ ശ്രദ്ധയോടെ ഭവ്യതയോടെ കാണുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തത് എന്തിനായിരുന്നു എന്നത് അന്വേഷിക്കേണ്ടതാണ്.
പോറ്റി ചെവിയിൽ പറഞ്ഞത് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം -അടൂർ പ്രകാശ്
സ്വകാര്യ സംഭാഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെവിയിൽ പറഞ്ഞത് എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചില നിർദേശങ്ങൾ കൊടുത്തതാണോ എന്ന് സംശയിച്ചാൽ അതിൽ തെറ്റുണ്ടാകും എന്ന് കരുതുന്നില്ല -അടൂര്‍ പ്രകാശ് വിമർശിച്ചു.
സോണിയ ഗാന്ധിയെ കാണുവാൻ പോയി എന്നത് സത്യമാണ്. കാട്ടുകള്ളനാണ് എന്നോടൊപ്പം വന്നത് എന്ന് അറിയാൻ കഴിഞ്ഞില്ല. ഈ കാട്ടുകള്ളനെ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു എങ്കിൽ ഒരു കാരണവശാലും അദ്ദേഹത്തെ അടുപ്പിക്കുകയില്ലായിരുന്നു. ഞാൻ കാണും മുമ്പ് മുഖ്യമന്ത്രി പോറ്റിയെ കാണുകയും സ്വകാര്യ സംഭാഷണം നടത്തുകയും ചെയ്ത ചിത്രങ്ങൾ നിങ്ങളുടെ കൈവശമുണ്ടാകും... -അടൂര്‍ പ്രകാശ് പറഞ്ഞു.
കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിച്ചത് അദ്ദേഹത്തിന് സ്വർണക്കൊള്ളയുമായി ബന്ധമുള്ളത് കൊണ്ടാണോ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുപ്പമുള്ള ആൾ വന്ന് സംസാരിക്കുന്ന പോലെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സംസാരിക്കുന്നത്. അത്രയും സ്വാതന്ത്ര്യമാണ്. പാർട്ടി സെക്രട്ടറി ഗോവിന്ദന് മാഷിന് പോലും അടുത്ത് നിന്ന് ചെവിയിൽ സംസാരിക്കാൻ വയ്യാത്ത മുഖ്യമന്ത്രിയാണിത്. ഇതിനർത്ഥമെന്താണ്...? -ചെന്നിത്തല കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

